Headlines

‘അസുഖം മാറാത്തതിനു കാരണം മന്ത്രവാദം’; മരുമകളെ കൊലപ്പെടുത്തി വയോധികൻ, പിന്നാലെ കിണറ്റിൽ ചാടി

മുംബൈ∙ നാഗ്‌പുരിലെ യശോധര നഗറിൽ മാസങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കിനു പിന്നാലെ ഭർതൃപിതാവ് മരുമകളെ കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. യശോധര നഗർ സ്വദേശിയായ ലക്ഷ്മി രവിശങ്കർ പാലി (42) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം വീടിനു പിന്നിലെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച ഭർതൃ പിതാവ് നഥൂലാൽ പാലിയെ (72) ഫയർഫോഴ്സിന്റെ സഹായത്തോടെ പൊലീസ് രക്ഷപെടുത്തി. ഇയാൾ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച ലക്ഷ്മി വസ്ത്രം കഴുകിക്കൊണ്ടിരുന്ന സമയത്താണ് നഥൂലാലുമായി തർക്കമുണ്ടാകുന്നത്. വാക്കേറ്റം രൂക്ഷമായതോടെ പ്രകോപിതനായ നഥൂലാൽ കോടാലി എടുത്ത് ലക്ഷ്മിയുടെ തലയ്ക്കടിക്കുകയായിരുന്നു. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രായാധിക്യത്താൽ നിരന്തരം രോഗബാധിതനായിരുന്ന നഥൂലാൽ, മരുമകൾ തനിക്കെതിരെ മന്ത്രവാദം പ്രയോഗിക്കുന്നുണ്ടെന്നു സംശയിച്ചിരുന്നു. മന്ത്രവാദം കാരണമാണ് അസുഖം മാറാത്തതെന്നും മൂന്ന് വർഷം മുമ്പ് നടന്ന മകന്റെ മരണത്തിനു കാരണം ഇതാണെന്നും ഇയാൾ വിശ്വസിച്ചിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വയോധികൻ കിണറ്റിൽ വീണെന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയത്. തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെ ഇയാളെ പുറത്തെടുക്കുകയായിരുന്നുവെന്ന് യശോധര നഗർ പൊലീസ് ഇൻസ്പെക്ടർ യൂനുസ് ഷെയ്ഖ് അറിയിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലക്ഷ്മിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം ലക്ഷ്മി തന്റെ രണ്ട് കുട്ടികളോടൊപ്പം വീട്ടിലെ ഒരു മുറിയിലായിരുന്നു താമസം. നഥൂലാൽ സ്വന്തം ഭാര്യയുമായും പിണക്കത്തിലായിരുന്നു. സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.