Headlines

‘നമ്മുടെ ശക്തി വൈവിധ്യത്തിലും സഹകരണത്തിലും; ബ്രിക്സ് പങ്കാളിത്തം സർക്കാരുകളിൽ മാത്രം പരിമിതപ്പെടുത്തരുത്’

ന്യൂഡൽഹി∙ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ഗ്ലോബൽ സൗത്തിന്റെ ഉന്നമനത്തിനായി ആഹ്വാനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദവും പങ്കാളിത്തവും സഹകരണവും കൂടുതൽ മുന്നോട്ടു കൊണ്ടുപോയി. ബ്രിക്സ് സഹകരണം കേവലം സർക്കാരുകളിൽ മാത്രം പരിമിതപ്പെടുത്തരുതെന്നത് ഇന്ത്യയുടെ ദൃഢമായ ശ്രമമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‌‘‘നമ്മുടെ സംരംഭകർ, കർഷകർ, ഗവേഷകർ, സ്ത്രീകൾ, യുവാക്കൾ, സാധാരണ പൗരന്മാർ എന്നിവരും ബ്രിക്സ് സഹകരണത്തിന്റെ പങ്കാളികളാകണം. ബ്രിക്സിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ആഗോള വളർച്ചയെ പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ബ്രിക്സിനുള്ളിൽ വികസിപ്പിച്ചെടുക്കുന്ന പരിഹാരങ്ങൾ ബ്രിക്സ് രാജ്യങ്ങൾക്കു മാത്രം പ്രയോജനപ്പെടുന്നവയാകരുത്. അവ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി മാറ്റിയെടുക്കാനും അവർക്ക് പ്രാപ്യമാക്കാനും സാധിക്കണം’’ – പ്രധാനമന്ത്രി പറഞ്ഞു.

ബ്രിക്സ് സഖ്യത്തിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കുള്ള വിശ്വാസം വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നു സ്വന്തം അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിനു കാരണം അവരുടെ ശബ്ദം ഇവിടെ കേൾക്കുന്നുണ്ടെന്നതും അവരുടെ അനുഭവങ്ങൾ ബഹുമാനിക്കപ്പെടുന്നുണ്ടെന്നതുമാണ്. അവരെ കൂടി ഒപ്പം കൂട്ടിയാണ് ഇവിടെ പരിഹാരങ്ങൾ നിർമിക്കുന്നത്. നമ്മുടെ ശക്തി നിലകൊള്ളുന്നത് വൈവിധ്യത്തിലും സഹകരണത്തിലുമാണ്. നമ്മൾ വ്യത്യസ്തമായ യാഥാർഥ്യങ്ങളിൽ വേരൂന്നിയവരായിരിക്കാം, എന്നാൽ ഒന്നിച്ച് നമ്മൾ സഹകരണത്തിലൂടെ ഉയരുകയും മാനവികതയ്ക്കായി നിലകൊള്ളുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.