Headlines

ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം; ശരത്തിനോട് വിശദീകരണം തേടി സിപിഐഎം; നടപടിയെടുത്ത് മുഖം രക്ഷിക്കാന്‍ നീക്കം

തൃശ്ശൂരിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പുറത്തുവന്ന ശബ്ദരേഖയില്‍ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ശരത്പ്രസാദിനോട് വിശദീകരണം തേടി പാര്‍ട്ടി. മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ശരത്തിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് സിപിഐഎം ശ്രമം. ശബ്ദരേഖയിലെ ആരോപണങ്ങള്‍ എസി മൊയ്തീന്‍ തള്ളി. സിപിഎം നേതാക്കളുടെ അഴിമതിയില്‍ സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

സിപിഐഎം നേതാക്കള്‍ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണന്‍ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്‌സ് ടോപ്പ് ക്ലാസുമായെന്നും ശരത് സംഭാഷണത്തില്‍ പറയുന്നു.

അതേസമയം പുറത്തുവന്ന ഫോണ്‍ സംഭാഷണം തന്റേതാണോയെന്ന് ഉറപ്പില്ലെന്നാണ് ശരത് പറയുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത പരിശോധിക്കണമെന്നും ശരത് ആവശ്യപ്പെടുന്നുണ്ട്. ശബ്ദ സന്ദേശത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ടവര്‍ ഗുരു തുല്യരാണെന്ന് ശരത് പറയുന്നു. എന്നാല്‍ പുറത്തുവന്ന അഴിമതി ആരോപണ സംഭാഷണം ശരത് പ്രസാദിന്റെ തന്നെയെന്ന് സിപിഐഎം നടത്തറ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം നിബിന്‍ വ്യക്തമാക്കിയിരുന്നു. ശരത് തന്നോട് സംസാരിച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നതെന്ന് നിബിന്‍ പറഞ്ഞു. സംഭാഷണം പുറത്ത് പോയത് എങ്ങനെയെന്ന് അറിയില്ലെന്നും നിബിന്‍ പറഞ്ഞു.

അഞ്ചുവര്‍ഷം മുന്‍പുള്ള ശബ്ദരേഖയാണെങ്കിലും തൃശ്ശൂരിലെ സിപിഐഎം നേതൃത്വം പ്രതിരോധത്തിലാണ്. ശബ്ദരേഖയുടെ ആധികാരികതയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സംശയം പ്രകടിപ്പിച്ചെങ്കിലും സിപിഐഎം നേതാക്കള്‍ക്ക് സംശയമില്ല. പ്രസ്താവന അനുചിതമെന്ന് എ സി മൊയ്ദീന്‍ പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണെന്നും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും വിശദീകരിച്ചു.

ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ ആയുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സംഭവത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. മൂന്നുദിവസത്തിനുള്ളില്‍ ശരത്പ്രസാദ് മറുപടി നല്‍കണം. അതിനുശേഷം തുടര്‍നടപടി പാര്‍ട്ടി സ്വീകരിക്കും.