വനംവകുപ്പുമായി ബന്ധപ്പെട്ട രണ്ട് കരട് ബില്ലുകള്‍ക്ക് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കരട് ബില്ലിന് ഉള്‍പ്പെടെയാണ് അംഗീകാരം. സ്വകാര്യ ഭൂമിയില്‍ നട്ടുവളര്‍ത്തിയ ചന്ദനമരം വനംവകുപ്പ് മുഖേനെ ഉടമയ്ക്ക് മുറിക്കുന്നതിനായുള്ള കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന നിമയസഭാ സമ്മേളനത്തില്‍ ഈ ബില്ലുകള്‍ അവതരിപ്പിക്കും.
മലയോര മേഖലയിലെ ജനതയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമഭേദഗതിക്കായുള്ള കരട് ബില്ലിനാണ് ഇപ്പോള്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. വനം-വന്യജീവി സംഘര്‍ഷം രൂക്ഷമായപ്പോഴും സര്‍ക്കാരിന് പെട്ടെന്ന് നടപടിയെടുക്കുന്നതിന് തടസ്സമായി നിന്നത് വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളാണ്. ഇതില്‍ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല. ബില്‍ സഭയിലെത്തിയാല്‍ പ്രതിപക്ഷവും ബില്ലിനെ പിന്തുണയ്ക്കാനാണ് സാധ്യത.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കിക്കൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നത്. എന്നിട്ടും ഭേദഗതി വരുത്തിയിരുന്നില്ല. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമമുള്ളതിനാല്‍ ഇത് നിലനില്‍ക്കുമോ എന്ന സംശയമുണ്ട്. കേന്ദ്ര നിയമത്തില്‍ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വേണം.