അമീബിക് മസ്തിഷ്‌ക ജ്വരം: ഈ വര്‍ഷം ആകെയുണ്ടായത് 17 മരണങ്ങള്‍; രോഗം ബാധിച്ചത് 66 പേര്‍ക്ക്: ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്‌ക ജ്വരം കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് ഈ വര്‍ഷം 17 മരണങ്ങള്‍ സ്ഥിരീകരിച്ചു. 66 പേര്‍ക്ക് രോഗം ബാധിച്ചെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ രോഗമുക്തി നേടി.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആരോഗ്യ വകുപ്പ് 2 മരണം മാത്രമാണ് നേരത്തെ സ്ഥിരീകരിച്ചത്. കൃത്യമായ കണക്ക് ആരോഗ്യ വകുപ്പ് പുറത്തുവിടുന്നില്ലെന്ന വിമര്‍ശനം ഇതിനു പിന്നാലെ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്. ഈ വര്‍ഷം സംസ്ഥാനത്ത് 66 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ മാസം മാത്രം 7 പേര്‍ മരിച്ചു.19 പേര്‍ക്ക് രോഗബാധ ഉണ്ടായി.

അതേസമയം ആശങ്കകള്‍ക്കിടയിലും ആശ്വാസം നല്‍കുന്നതാണ് രോഗമുക്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ടായിരുന്ന 30 വയസുള്ള അന്നശ്ശേരി സ്വദേശി രോഗം മാറി ആശുപത്രി വിട്ടു രണ്ടു ദിവസം മുന്‍പും ഒരു കുട്ടി രോഗമുക്തി നേടിയിരുന്നു .നിലവില്‍ 10 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ ഉള്ളത്. ഇതില്‍ ആരുടേയും നില ഗുരുതരമല്ല.