Headlines

വോട്ടർപട്ടിക ക്രമക്കേട്; തുടർനടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ പ്രത്യേക യോഗം

രാഹുൽഗാന്ധി ഉയർത്തിയ വോട്ടർപട്ടിക ക്രമക്കേടിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസിന്റെ പ്രത്യേക യോഗം ഇന്നു ചേരും. വൈകിട്ട് 4.30 ന് എഐസിസി ആസ്ഥാനത്താണ് യോഗം. സംസ്ഥാനങ്ങളിലേക്ക് കൂടി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ മുന്നണിയുടെയും തീരുമാനം.

സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിലേക്ക് കൂടി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ മുന്നണിയുടെയും തീരുമാനം. പാർലമെന്റിന്റെ ഇരുസഭകളിലും വോട്ടർ പട്ടികക്രമക്കേട് ഇന്നും ചർച്ചയാകും. സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധവും ഉണ്ടാകും.

വോട്ടുകൊള്ള ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് ഇന്നലെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാർലമെന്റിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാർ പങ്കെടുത്തിരുന്നു. സമീപകാലത്തെ വലിയ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. വിയോജിപ്പുകൾ മാറ്റിവച്ച് ഇന്ത്യാസഖ്യം ഒന്നിക്കുന്ന കാഴ്ചയ്ക്കും ഡൽഹി വേദിയായി.