കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഹർജികൾ പരിഗണിക്കവെ നിയമം നടപ്പാക്കുന്നത് തത്കാലം മാറ്റിവെക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. കേന്ദ്രത്തെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.
എന്നാൽ കോടതി നിരീക്ഷണങ്ങൾക്ക് പിന്നാലെ സമർപ്പിച്ച സത്യവാങ്മൂലത്തിലും നിയമം പിൻവലിക്കില്ലെന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു. ജനുവരി 26ന് കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി അടക്കം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രം നൽകിയ പുതിയ ഹർജിയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കും
നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കോടതിയുടെ തീരുമാനം നിർണായകമാകും