Headlines

ആ ചെറുകടകള്‍ അന്നു മാത്രം തുറക്കാത്തതെന്ത്? ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി 9/11 ന് സാക്ഷിയായ ഒരു മലയാളി!

യുഎസിന്റെ അഭിമാന സ്തംഭമായി, ഒരു മഹാമേരുപോലെ ന്യൂയോര്‍ക്ക് സിറ്റിയുടെ ഹൃദയ ഭാഗത്ത് ഉയര്‍ന്ന് നിന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടം… അതിലേക്ക് ഇടിച്ചു കയറിയ രണ്ടു വിമാനങ്ങള്‍.. ലോകം തരിച്ചു നിന്ന നിമിഷങ്ങള്‍. തകര്‍ന്നു വീണ കെട്ടിടത്തിന്റെ തൊട്ടടുത്ത് എല്ലാത്തിനും സാക്ഷിയായി ഒരു മലയാളിയുമുണ്ടായിരുന്നു. പൊടിപടലങ്ങള്‍ക്കിടയില്‍ ചിതറിക്കിടന്ന മൃതദേഹങ്ങള്‍, ജീവന്‍ കൈയില്‍ പിടിച്ച് സുരക്ഷതത്വിത്തിലേക്ക് ഓടിയ മനുഷ്യര്‍, ചിതറിപ്പോയ വാനിറ്റി ബാഗുകള്‍, ആകാശത്തോളം ഉയര്‍ന്ന വിലാപങ്ങള്‍… കാല്‍ നൂറ്റാണ്ടിനിപ്പുറവും ആലുവക്കാരനായ സണ്ണി മാളിയേക്കലിന് ഇന്നലെയെന്ന പോലെ ആ കാഴ്ചകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. (sunny maliekkal malayali who witness 9/11 attack)

ലോകത്തെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സാക്ഷിയായ ഒരു കടയ്ക്കും അവിടെ ജോലി ചെയ്തിരുന്ന മലയാളിക്കും 25 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സംഭവങ്ങളെക്കുറിച്ചുള്ളത് ചിതറിയ ഓര്‍മകളല്ല. ഓരോ സംഭവങ്ങളും പൊട്ടും പൊടിയും സംശയങ്ങളും വജ്രം പോലെ തിളങ്ങുകയാണ് ആലുവക്കാരനായ മാളിയേക്കല്‍ സണ്ണിയുടെ മനസില്‍. ആ അസാധാരണ ദിവസത്തെക്കുറിച്ചും പിന്നീട് തങ്ങളുടെയാകെ ജീവിതത്തില്‍ ഭയവും വിശ്വാസരാഹിത്യവും സംശയദൃഷ്ടികളും കൂടുവച്ചതിനെക്കുറിച്ചും സണ്ണി ട്വന്റിഫോര്‍ ഡിജിറ്റലിനോട് സംസാരിച്ചപ്പോള്‍ ആ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നത് ഭീതിയും വേദനയുമായിരുന്നു. ആ ദിനം അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ കേള്‍ക്കാം..

9/11

2001 സെപ്റ്റംബര്‍ 11. വേള്‍ഡ് ട്രേഡ് സെന്ററിന് തൊട്ടുമുന്നിലെ 101 ലിബര്‍ട്ടി സ്ട്രീറ്റിലെ ബര്‍ഗര്‍ കിംഗില്‍ ബിസിനസ് മാനേജറായിരുന്നു ഞാന്‍. പതിവു പോലെ തിരക്കുകളിലേക്ക് വഴിമാറുകയായിരുന്നു ഒരു ദിനം. പെട്ടെന്നായിരുന്നു അത്. ലോകം വിറകൊണ്ടുപോയ നിമിഷങ്ങള്‍. സമയം ഏതാണ്ട് 8.45 ആയിക്കാണും. ആ കൂറ്റന്‍ കെട്ടിടത്തില്‍ നിന്ന് ഉയരുന്ന കനത്ത പുകയാണ് ആദ്യം കണ്ണില്‍പ്പെടുന്നത്. എന്തോ സംഭവിച്ചിട്ടുണ്ട്. തീപിടുത്തം ആകുമെന്നാണ് ആദ്യം കരുതിയത്.

ആളുകള്‍ പരക്കം പായുകയാണ്. ഫയര്‍ഫൈറ്റേഴ്സ് ഓടിനടക്കുന്നതും കാണാം. പൊടിയും പുകയും ഉയര്‍ന്ന് പൊങ്ങുന്നു. ഓരോ നിമിഷം കഴിയും തോറും അന്തരീക്ഷത്തിലെങ്ങും ഭയം വ്യാപിക്കുകയാണ്. ഇതിനിടെ സുരക്ഷാ സംഘങ്ങള്‍ ആ പ്രദേശത്തിന്റെ നിയന്ത്രണമാകെ ഏറ്റെടുത്തു. കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് തീപിടുത്തമുണ്ടായി കാണും. വലിയ തീപിടുത്തമാകും എന്നേ അപ്പോഴും കരുതിയുള്ളൂ. ചരിത്രത്തിലെ ഒരു ഭീതിദനിമിഷത്തിനാണ് സാക്ഷിയാകുന്നതെന്ന് അപ്പോള്‍ ചിന്തിച്ചതേയില്ല.

സംഭവിക്കുന്നത് എന്തെന്നറിയാന്‍ അപ്പോള്‍ കഴിഞ്ഞില്ല. വിമാന ആക്രമണമെന്ന് മനസിലാക്കാന്‍ കഴിയുന്ന ദിശയിലായിരുന്നില്ല ഞങ്ങളുടെ കെട്ടിടം. ഒന്നും മനസിലാകാതെ പരിഭ്രാന്തിയും ആശയക്കുഴപ്പവുമാണ് അന്നാകെയുണ്ടായത്. ഒരു വിധത്തില്‍ വീട്ടിലേക്കെത്തിയപ്പോഴാണ് നടന്നതിന്റെ ഇംപാക്ട് മനസിലാകുന്നത്. ആക്രമണ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതോടെ ഞാന്‍ മരിച്ചുകാണുമെന്ന് കരുതിയവരുണ്ട്. ചെറിയ കുഞ്ഞിനെ തോളത്തിട്ട് മെഴുകുതിരി കത്തിച്ചുവച്ച് സണ്ണിയെ തിരികെ തരണമേയെന്ന് ദൈവത്തോട് അപേക്ഷിക്കുകയാണ് കുടുംബം.

അവരുടെ ഭയവും വിലാപങ്ങളും കണ്ടതോടെയാണ് സംഭവത്തിന്റെ വ്യാപ്തി എനിക്ക് ബോധ്യമാകുന്നത്. ആന്ത്രാക്‌സ് പരത്തുന്നത് എന്നോ മറ്റോ കരുതിയിരുന്ന വെളുത്ത പൊടി മെയിലില്‍ വരുന്ന കാലമാണ്. പക്ഷേ ആ ഭയമൊക്കെ മറികടക്കുന്ന മറ്റൊരു ഭയമാണ് ടൈം സ്‌ക്വയറില്‍ വിതയ്ക്കപ്പെട്ടതെന്ന് വരും നിമിഷങ്ങളില്‍ ബോധ്യപ്പെടുകയായിരുന്നു.

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍

ആക്രമണം നടന്ന് ഏതാണ്ട് രണ്ട് മാസങ്ങള്‍ക്ക് ശേഷം എഫ്ബിഐ ടീം കോണ്‍ടാക്ട് ചെയ്തു. ഒരു മീറ്റിങില്‍ പങ്കെടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടത് അനുസരിച്ചു ഡൗണ്‍ ടൗണിലെ ഓഫിസില്‍ എത്തിയ എന്നെ മീഡിയ റൂമിലേക്ക് കൊണ്ടുപോയി. അപകടസമയത്തെടുത്ത ചില അവ്യക്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ നിന്ന് ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കണം എന്നായിരുന്നു ആവശ്യം. ആളുകളുടെ മുഖം തിരിച്ചറിയാന്‍ പാകത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല ചിത്രങ്ങള്‍ക്ക്. അപകടസ്ഥലത്ത് ഉദാസീനരായി കടല കൊറിച്ചുകൊണ്ടിരുന്ന മനുഷ്യരെ ആരേയും തിരിച്ചറിയാനായില്ല.

ആക്രമണം കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ക്കിപ്പുറവും സണ്ണിയെ അലട്ടുന്ന മറ്റൊരു സുപ്രധാനമായ ചോദ്യമുണ്ട്. ലിബര്‍ട്ടി സ്ട്രീറ്റില്‍ ആക്രമണസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന 24 മണിക്കൂര്‍ തുറന്നിരിക്കുന്ന മുറുക്കാന്‍ കടകള്‍ക്ക് സമാനമായ കൊച്ച് സ്റ്റാന്റ് അലോണ്‍ കിയോസ്‌കുകള്‍ ആക്രമണം നടക്കുന്ന സമയത്ത് പൂട്ടിക്കിടക്കുകയായിരുന്നു. രാവിലെ ആക്രമണം നടന്ന സമയത്ത് ആ കടകള്‍ പൂട്ടുക എന്ന് വച്ചാല്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എന്തുകൊണ്ട് അന്ന് ആ കടകളെല്ലാം പൂട്ടിക്കിടന്നു? അതിലൊരു ദുരൂഹതയില്ലേ? കടകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആരേയും ആ സമയത്ത് മാത്രം അവിടെ കാണാതിരുന്നത് എന്തുകൊണ്ടാകും? ആ ചോദ്യങ്ങള്‍ സണ്ണി എഫ്ബിഐക്ക് മുന്നില്‍ വച്ചെങ്കിലും ഇന്നും അതിന് ഉത്തരം ലഭിച്ചിട്ടില്ല.

താടി, മുടി പേടികള്‍! ഫോബിയക്കാലം

ആ 9/11 ലോകത്തെ അടിമുടി മാറ്റി. മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസം ഇല്ലാതായി. എല്ലായിടത്തും പരിശോധനകള്‍ കര്‍ശനമാക്കി. ലോകത്താകെ ഇസ്ലാമോഫോബിയ വ്യാപിച്ചു. മുസ്ലീം പേരുകള്‍, താടി വച്ചവര്‍, മുടി നീട്ടിയവര്‍, തൊപ്പി വച്ചവര്‍ എല്ലാവരും സംശയത്തിന്റെ നിഴലിലായി. തലയില്‍ കെട്ടുള്ള ചില ഇന്ത്യക്കാര്‍ക്കെതിരെ അമേരിക്കയുടെ ഉള്‍നാടുകളില്‍ ചില അക്രമസംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എയര്‍പോര്‍ട്ടുകളില്‍ പരിശോധനകള്‍ വല്ലാതെ കടുത്തു. ഇന്ത്യയുടെ അഭിമാനമായ രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാം പോലും യുഎസിലെ വിമാനത്താവളത്തില്‍ തടയപ്പെട്ടു. പേരിന്റെ പേരില്‍ ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ക്ക് വിധേയനായി.

എന്റെ പുസ്തകം

കോട്ടയം മാളിയേക്കല്‍ കുടുംബാംഗമായ സണ്ണി മാളിയേക്കല്‍ ജനിച്ചു വളര്‍ന്നത് ആലുവയിലാണ്. 1984 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം റെസ്റ്റോറന്റ് കണ്‍സള്‍ട്ടിംഗ് മേഖലയില്‍ ദീര്‍ഘകാലത്തെ വിപുലമായ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ്. പ്രവാസി സമൂഹത്തില്‍ സജീവ സാന്നിധ്യമായ അദ്ദേഹം നിലവില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരുന്നു. തന്റെ ആത്മകഥയായ എന്റെ പുസ്തകത്തിലും സണ്ണി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെക്കുറിച്ച് എഴുതി. ലോകം ഭീതിയിലാണ്ട മണിക്കൂറുകള്‍ പുസ്തകത്തില്‍ അതേപടി പുനര്‍ജനിച്ചിട്ടുണ്ട്.