Headlines

കേന്ദ്ര വിദ്യാഭ്യസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് CJPയുടെ രാജവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

 

കേന്ദ്ര വിദ്യാഭ്യസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് രാജവ്യാപക പ്രതിഷേധ സമരങ്ങൾക്ക് കോക്റോച്ച് ജനതാ പാർട്ടി ഇന്ന് തുടക്കമിടും. പൂനെയിലെ സാവിത്രി ഭായ് ഫുലെ സർവകലാശാലയിലാണ് ആദ്യ പ്രതിഷേധ പരിപാടി. എക്സാം മാനിഫെസ്റ്റോയും ഇന്ന് പുറത്തിറക്കും. ജന്തർ മന്തറിൽ നടത്തിയ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ റോഹ്തക്കിലെ ഒരു അധ്യാപികയെ സസ്പെൻഡ് ചെയ്തതായും ആരോപണം ഉയർന്നു.

 

 

വൈകിട്ട് നാലുമണിക്കാണ് പൂനെയിലെ സാവിത്രി ഭായ് ഫുലെ സർവകലാശാലയിൽ പ്രതിഷേധ പരിപാടി. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ, ആക്ടിവിസ്റ്റ് സോനം വാങ്ചുക് എന്നിവർ സമരത്തിന് എത്തും. പോലീസും സർവകലാശാലയും പ്രതിഷേധത്തിന് അനുമതി നൽകിയിട്ടുണ്ട്. പരീക്ഷളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാനിഫെസ്റ്റോയും ഇന്ന് പുറത്തിറക്കും. നാളെ ലക്നവിലാണ് സിജെപിയുടെ അടുത്ത പ്രതിഷേധം.

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാത്ത പക്ഷം ജൂൺ 20 മുതൽ ജന്തർ മന്തറിൽ അനിശ്ചിത കാല സമരം ഇരിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ റോഹ്തക്കിലെ ഗവൺമെന്റ് മിഡിൽ സ്‌കൂളിലെ പ്രൈമറി ഗസ്റ്റ് അധ്യാപിക സുലേഖ ദലാലാണ് സസ്പെൻഷൻ നേരിട്ടത്. സസ്പെൻഷൻ ഉത്തരവിൽ കാരണം വ്യക്തമാക്കിയിട്ടില്ല .കാരണം വ്യക്തമാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൃതമായ മറുപടി ലഭിച്ചില്ലെന്നും അധ്യാപിക പറയുന്നു.