അഞ്ച് കിരീട പോരാട്ടങ്ങളില്‍ ഗോള്‍വല കാത്തു; ബാഴ്‌സയുടെ വിജയത്തേര് തെളിച്ചവന്‍

 

2024-ലെ ഒരു വേനല്‍ക്കാലത്താണ് പോളിഷ് ഗോള്‍കീപ്പറായ വോയ്ഷ്‌ക് സ്‌റ്റെന്‍സ്‌നെ ജുവന്റസില്‍ നിന്ന് പുറത്ത് വരുന്നത്. ഇതിന് പിന്നാലെ താന്‍ വിരമിക്കുകയാണെന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ സ്റ്റെന്‍സ്‌നെയുടെ നിയോഗം മറ്റൊന്നായിരുന്നു. ബാഴ്‌സലോണയ്ക്കായി 40 ഔദ്യോഗിക മത്സരങ്ങള്‍ കളിച്ച അദ്ദേഹം രണ്ട് ലാ ലിഗ കിരീടങ്ങളും ഒരു കോപ്പ ഡെല്‍ റേ കപ്പും രണ്ട് സ്പാനിഷ് സൂപ്പര്‍ കപ്പുകളും സ്വന്തമാക്കിയ ബാഴ്‌സയുടെ അഭിവാജ്യ ഘടകമായിരുന്നു വോയ്ഷ്‌ക് സ്‌റ്റെന്‍സ്‌നെ. ആകെ അഞ്ച് ചാമ്പ്യന്‍ ഷിപ്പുകള്‍ നേടിയ ബാഴ്‌സ കീപ്പര്‍ക്കിത് ഏറ്റവും വിജയകരമായ വിരമിക്കല്‍ തിരിച്ചുവരവാണ് എന്ന് വേണം പറയാന്‍. മെയ് പതിനൊന്നിന് ലാ ലിഗയുടെ 35-ാം റൗണ്ട് മത്സരത്തില്‍ ബാഴ്‌സ റയല്‍ മാഡ്രിഡിനെ 2-0 ന് പരാജയപ്പെടുത്തി തങ്ങളുടെ ടീം ചരിത്രത്തിലെ 29-ാം ലീഗ് കിരീടം നേടിയപ്പോഴും 36 കാരനായ സ്‌റ്റെന്‍സ്‌നെ തന്റെ കരിയറില്‍ മറ്റൊരു പ്രധാന ചാമ്പ്യന്‍ഷിപ്പ് ട്രോഫി കൂടി ചേര്‍ക്കുകയായിരുന്നു.