Headlines

കസ്റ്റഡി മർദനം; കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി

സ്റ്റേഷനിൽ മർദ്ദനമുണ്ടായ കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് നേതാവ് എസ് രാധാകൃഷ്ണന്റെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. പോലീസ് രാഷ്ട്രീയം മാറ്റിവെച്ച് പ്രവർത്തിക്കണം എന്ന് കത്തിൽ പറയുന്നു. പൊലീസിന്റെ മൂന്നാം മുറ പൂർണമായി അവസാനിപ്പിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

കുന്നംകുളം കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്ന സമയത്താണ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി ഉണ്ടായിരിക്കുന്നത്. സിഐയ്ക്കാണ് കത്ത് ലഭിച്ചത്. ഇത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. മാവോയിസ്റ്റ് നേതാക്കൾ തന്നെയാണോ കത്തിന് പിന്നിലെന്ന അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

കുന്നംകുളം കസ്റ്റഡി മർദനത്തിൽ നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. യൂത്ത് കോൺഗ്രസ്സ്‌ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് 2023 ഏപ്രിൽ അഞ്ചിന് ആണ് പൊലീസ് സ്റ്റേഷനിലെത്ത് ഉദ്യോ​ഗസ്ഥർ ക്രൂരമായി മർ‌ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ഇടയ്ക്കാണ് പുറത്ത് വന്നത്. പിന്നാലെ വിവാദമാവുകയായിരുന്നു.