തിരുവനന്തപുരം കനകക്കുന്നിൽ ഓണാഘോഷത്തിനിടെ പൊലീസിന്റെ ലാത്തിചാർജ്. തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസിന്റെ വിശദീകരണം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ കമ്മീഷണർ അന്വേഷണത്തിന് നിർദേശം നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ പരിപാടിക്കിടെയായിരുന്നു സംഭവം.
വലിയ തിരക്കായിരുന്നു കനകക്കുന്നിൽ ഉണ്ടായിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിനിടയിൽ മർദനമേറ്റ ചെറുപ്പക്കാരനോടും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന് നേരെ അസഭ്യം പറയുന്നതുൾപ്പെടെയുള്ള സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെയാണ് ലാത്തി വീശേണ്ടി വന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
തിരക്ക് നിയന്ത്രിക്കാനായി പൊലീസുകാരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. ലാത്തി ചാർജ് നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശമുണ്ടായിരുന്നില്ല. ഒരു ചെറുപ്പക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും.