Headlines

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിയെ പരാതിക്കാരിയാക്കാന്‍ നീക്കം; നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണക്കേസില്‍ നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്. കൊച്ചിയിലെ യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടാനുള്ള ക്രൈം ബ്രാഞ്ചിന്റെ നീക്കം. നടിയുടെ പ്രാഥമിക മൊഴിയില്‍ രാഹുല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന് ആവര്‍ത്തിച്ചിരുന്നു. അതിനാല്‍ നടിയെ പരാതിക്കാരിയാക്കി തുടര്‍നടപടികളെടുക്കാനുള്ള സാധ്യതകള്‍ സംബന്ധിച്ചാണ് നിയമോപദേശം സ്വീകരിക്കുന്നത്. പരാതികളില്‍ നിയമപരമായ അന്വേഷണം നടക്കുകയാണെന്നു ഡിജിപി റവാഡ ചന്ദ്രശേഖറും വ്യക്തമാക്കി. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളില്‍ നിന്ന് നേരിട്ട് പരാതി ലഭിക്കാത്തത് കേസിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഘട്ടത്തില്‍ക്കൂടിയാണ് നിയമോപദേശം തേടിയിരിക്കുന്നത്

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കുന്ന യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ മൊഴി പുറത്തുവന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ വി.ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഗൂഢാലോചനയെന്നാണ് വനിതാ നേതാവിന്റെ മൊഴി. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്.

രാഹുലിനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന പോലീസ് മേധാവിക്കാണ് യൂത്ത് കോണ്‍ഗ്രസ്സ് വനിതാ നേതാവ് ഗൂഢാലോചന ആരോപിച്ചു പരാതി നല്‍കിയത്. രാഹുലിനെതിരെയുള്ള അന്വേഷണ സംഘത്തിന് ഈ പരാതിയും കൈമാറിയിരുന്നു. രാഹുലിന് എതിരായ ഗൂഢാലോചനയില്‍ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും മൊഴിയില്‍ ആവശ്യപ്പെടുകയായിരുന്നു.