ചുങ്കപ്രഹരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർവാധികാരിയ്ക്ക് രാജ്യത്തിന്റെ വളർച്ചയിൽ അസൂയയെന്നും ട്രംപിന്റെ പേര് പറയാതെ പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. ഒരു ശക്തിയ്ക്കും ഇന്ത്യയുടെ വളർച്ച തടയാനാകില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ വികസന വേഗതയിൽ ചില ആളുകൾ സന്തുഷ്ടരല്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ നടന്ന ഒരു പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. “ചിലർക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ കഴിയുന്നില്ല. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കൂടുതൽ ചെലവേറിയതാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്,” പ്രതിരോധമന്ത്രി പറഞ്ഞു.
ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിലൂടെ മറ്റ് രാജ്യങ്ങളെ അവയിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് മന്ത്രി പറഞ്ഞു. “ഒരു ആഗോള ശക്തിക്കും നമ്മളെ ഒരു സൂപ്പർ പവറായി മാറുന്നതിൽ നിന്ന് തടയാൻ കഴിയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” രാജ്നാഥ് സിങ് പറഞ്ഞു.