Headlines

‘സംഘടനയെ പാർട്ടി തങ്ങളുടെ ചിറകിനടിയിൽ ഒതുക്കാൻ ശ്രമിക്കുന്നു’; കോട്ടയം സിപിഐ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ AIYF

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി യുവജനസംഘടനയായ എ.ഐ.വൈ.എഫ് രംഗത്ത്. സമ്മേളനത്തിന്റെ പ്രസീഡിയത്തിൽ പോലും യുവജനങ്ങളുടെ സാന്നിധ്യം ഇല്ലാത്തതിനെയും, നേതൃത്വത്തിന്റെ യുവജനങ്ങളോടുള്ള അവഗണനയെയും എ.ഐ.വൈ.എഫ് പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു.

പാർട്ടി ജില്ലാ സെക്രട്ടറി എ.ഐ.വൈ.എഫ് വിളിക്കുന്ന യോഗങ്ങളിൽ പോലും പങ്കെടുക്കുന്നില്ലെന്നും, സംഘടനയെ പാർട്ടി തങ്ങളുടെ ചിറകിനടിയിൽ ഒതുക്കാൻ ശ്രമിക്കുകയാണെന്നും പ്രതിനിധികൾ ആരോപിച്ചു. ജില്ലയിലെ പാർട്ടി പണപ്പിരിവിന് മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ എ.ഐ.വൈ.എഫിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പൊതുചർച്ചയിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ ശക്തമായ നിലപാടെടുത്തത്. യുവജനങ്ങളെ അവഗണിച്ച് മുന്നോട്ട് പോയാൽ ഭാവിയിൽ പാർട്ടിയുടെ നിലനിൽപ്പ് അപകടത്തിലാകുമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.