Headlines

ലണ്ടനിലെ ഹോട്ടലില്‍ പാര്‍ട്ട്ണര്‍ഷിപ്പ് വാഗ്ദാനം ചെയ്തു; സംവിധായിക ഉള്‍പ്പെട്ട സംഘം തട്ടിയത് ഒരു കോടി 17 ലക്ഷം രൂപ; പ്രതി കുറ്റം സമ്മതിക്കുന്ന ശബ്ദരേഖ

ലണ്ടനിലെ ഹോട്ടലില്‍ പാര്‍ട്ട്ണര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതി കുറ്റം സമ്മതിക്കുന്ന ശബ്ദരേഖ പുറത്ത്. താനാണ് പണം വാങ്ങിയതെന്നും വാര്‍ത്ത നല്‍കിയതുകൊണ്ട് ഇനി പണം തിരികെ നല്‍കില്ലെന്നും രണ്ടാംപ്രതി ബിജു ഗോപിനാഥ് പറയുന്ന ശബ്ദരേഖയാണ് പുറത്തെത്തിയിരിക്കുന്നത്. സിനിമ സംവിധായക ഹസീനയുമായി ചേര്‍ന്ന് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് ഒരു കോടി 17 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

തിരുവനന്തപുരം സ്വദേശി സുനിലിന്റെ പരാതിയില്‍ പ്രകാശന്റെ മെട്രോ എന്ന സിനിമയുടെ സംവിധായിക ഹസീന സുനീറിനെയും ബിജു ഗോപിനാഥനേയും പ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തത് ഇക്കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു. ലണ്ടന്‍ ഈസ്റ്റ് ഹാമിലെ തട്ടുകട എന്ന മലയാളി ഹോട്ടലില്‍ പാര്‍ട്ട്ണര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഹസീനയും സുഹൃത്ത് ബിജു ഗോപിനാഥും ചേര്‍ന്ന് 1,17,41,700 രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

ഒന്നാംപ്രതി ഹസീനയുമായുള്ള ഇടപാടുകളും രണ്ടാംപ്രതി ഇതേ ശബ്ദരേഖയില്‍ വിവരിക്കുന്നുണ്ട്. പരാതിക്കാരനുമായുള്ള സംഭാഷണത്തില്‍ പണം വാങ്ങിയത് താനാണെന്ന് ബിജു ഗോപിനാഥ് തുറന്ന് സമ്മതിക്കുന്നു. കേസിലെ പ്രതികളായ ഹസീനയും ബിജു ഗോപിനാഥും നിലവില്‍ യുകെയിലാണ്. തട്ടിയെടുത്ത പണം എന്തിന് ഉപയോഗിച്ചു എവിടേക്ക് മാറ്റി എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.