ടെഹ്റാൻ ∙ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് (86) ഷിയാ പുണ്യകേന്ദ്രമായ മഷ്ഹദിലെ ഇമാം റിസ പള്ളിയിൽ അന്ത്യവിശ്രമം. ഇറാനിലെ വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലേക്ക് ഇന്നലെ പുലർച്ചെ മുതൽ പതിനായിരങ്ങളാണു വിലാപയാത്രയായി എത്തിയത്. ഒരാഴ്ച നീണ്ട ചടങ്ങുകൾക്കും പൊതുദർശനത്തിനുംശേഷമാണ്, 4 പതിറ്റാണ്ടോളം ഇറാൻ ഭരിച്ച ഷിയാ സമൂഹത്തിന്റെ ആത്മീയനേതാവിന്റെ കബറടക്കം ഇന്നലെ നടന്നത്.ഫെബ്രുവരി 28ന് ഇസ്രയേൽ ആക്രമണത്തിലാണ് അലി ഖമനയി കൊല്ലപ്പെട്ടത്. യുദ്ധം നീണ്ടതോടെ കബറടക്കവും നീളുകയായിരുന്നു. കറുപ്പണിഞ്ഞെത്തിയ ജനക്കൂട്ടം ഇറാൻ പതാകയേന്തി നഗരവീഥികളിൽ നിറഞ്ഞിരുന്നു. ഖമനയിയുടെ ജന്മദേശവും മഷ്ഹദാണ്.മകനും പരമോന്നത നേതാവുമായ ആയത്തുല്ല മുജ്തബ ഖമനയി കബറടക്കത്തിന് എത്തിയില്ല. യുദ്ധം ആരംഭിച്ചശേഷം സുരക്ഷാകാരണങ്ങളാൽ മുജ്തബ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.









