Headlines

‘ശബരിമലയിലെ കൊടിമര പുനർനിർമാണം; കൃത്യമായ കണക്കുകൾ ഹാജരാക്കിയിട്ടുണ്ട്’; അന്വേഷണത്തെ സ്വാഗതം ചെയ്ത് അജയ് തറയിൽ

ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാഗതം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു അറ്റകുറ്റപ്പണി. കൃത്യമായ കണക്കുകൾ ഹാജരാക്കിയിട്ടുണ്ടെന്നും അജയ് തറയിൽ പറഞ്ഞു. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയിൽ പറഞ്ഞു.പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്കിടെ തന്നെ ചോദ്യം ചെയ്യാനാണ് നീക്കമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഉത്തരവാദപ്പെട്ട സിപിഐഎം നേതാവ് തന്നോട് ഇക്കാര്യം പറഞ്ഞു.യാത്ര എറണാകുളത്ത് എത്തുമ്പോൾ ചോദ്യം ചെയ്യാനാണ് സാധ്യതയെന്നും അജയ് തറയിൽ പ്രതികരിച്ചു.അറസ്റ്റിനെ ഭയക്കുന്നില്ലെന്നും ഇതിന് മുന്‍പും ജയിലില്‍ കടന്നിട്ടുണ്ടെന്ന് അജയ് തറയില്‍ പറഞ്ഞു. സ്വര്‍ണ്ണക്കൊള്ളയില്‍ യുഡിഎഫിന് പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് അദേഹം ആരോപിച്ചു. കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണക്കൊള്ള നടന്നെന്ന സൂചന നൽകിയാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വർണം എവിടെയെന്ന് കണക്കില്ല. ദേവസ്വം വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. കൊടിമരത്തിൽ പൂശാനായി ദേവസ്വം ബോർഡ് വാങ്ങിയത് 9.16 കിലോ സ്വർണമായിരുന്നു.