മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെ പൂട്ടാൻ പ്രാപ്‌തമായതാണ് കുറ്റപത്രമെന്ന് പൊലീസ്.ഉപാധികളോടെ പട്ടയംലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ 2020 ഒക്ടോബറിലാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. 1960ന് ശേഷം നട്ടുവളർത്തിയതും സ്വയംകിളിർത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാനായിരുന്നു വിവാദ ഉത്തരവിറങ്ങിയത്. ഉത്തരവിന്റെ മറവിൽ വ്യാപകമായി ഈട്ടിക്കൊള്ള നടന്നതോടെ 2021 ഫെബ്രുവരിയിൽ സർക്കാർ ഉത്തരവ് പിൻവലിച്ചു. ഇതിനകം 100 മുതൽ 250 വർഷം പഴക്കമുള്ള ഈട്ടി മരങ്ങൾക്ക് മേൽ കോടാലി പതിച്ചു. വനംവകുപ്പ് 41 കേസുകൾ ചുമത്തിയിരുന്നു. വനം, പൊലീസ്, റവന്യൂ വകുപ്പുകൾ 120 ലധികം കേസുകളെടുത്തു. പലകേസുകളിലും കുറ്റപത്രം സമർപ്പിക്കുന്ന നടപടി തുടരുന്നുമുണ്ട്. ജില്ല ഗവ പ്ലീഡർ അഡ്വ ജയപ്രമോദാണ് കേസിൽ ഹാജരായത്.10കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടിക്കെതിരെ പ്രതികളായ ആന്റോ അഗസ്റ്റിൽ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ അപ്പീൽ തള്ളിയിരുന്നു. ഈട്ടിത്തടികൾ കണ്ടു കെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമെന്ന് കോടതി അടിവരയിടുന്നു. തടികൾ സർക്കാറിന്റെതല്ലെന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ല. തടിക്കച്ചവടത്തിന് ലൈസൻസ് ഉണ്ടെന്ന വാദവും പ്രതികൾക്ക് തെളിയിക്കാനായില്ലായിരുന്നു.
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്









