Headlines

GNA വിവാ​​ദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; LPST പ്രതിഷേധക്കാരെ മുഖ്യമന്ത്രി തിരിഞ്ഞുനോക്കുന്നില്ല; വിമർശനവുമായി എംവി ​ഗോവിന്ദൻ

തൃശൂർ: ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള മുഴുവൻ കാര്യങ്ങളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടപാടിൽ അഴിമതി നടന്നെന്നും ജുഡീഷ്യൽ അന്വേഷണ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട അഴിമതി നടന്നിട്ടുണ്ട് , അക്കാര്യത്തിൽ തങ്ങൾ തങ്ങൾ ഉറച്ചുനിൽക്കുന്നു. വാങ്ങിയ 200 മെഗാ വാട്ട് വൈദ്യുതി സംബന്ധിച്ച ഇടപാടുകളും സുതാര്യമല്ല , അക്കാര്യത്തിലും അന്വേഷണം വേണമെന്ന് എംവി ​​ഗോവിന്ദൻ.

പ്രതിപക്ഷനേതാവായപ്പോൾ വലിയ പിന്തുണ നൽകിയ വി ഡി സതീശൻ മുഖ്യമന്ത്രി ആയപ്പോൾ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിനെ തിരിഞ്ഞുനോക്കുന്നില്ലെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. സമരസമിതി സെക്രട്ടറി എസ് വളർമതിയുടെ ആരോഗ്യ നില ഗുരുതരമായിട്ടും മുഖ്യമന്ത്രി അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേരളം മുഴുവനായും ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാർ ആകുന്നില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.മയിൽപ്പീലി സ്കോളർഷിപ്പ് സംഘടിപ്പിക്കാൻ സംഘപരിവാർ അനുകൂല അധ്യാപക സംഘടനയ്ക്ക് അനുമതി നൽകിയ സംഭവത്തിലും അദേഹം പ്രതികരിച്ചു. വിദ്യാഭ്യാസ വകുപ്പും സർക്കാരും ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണിത്. വലിയ വിമർശനങ്ങൾ ഉയർന്നപ്പോഴാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തിപ്പ് തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറായതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.