Headlines

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്: അന്വേഷണത്തിനുള്ള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും; കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക.
കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിലാകും അന്വേഷണം. 2017ൽ കൊടിമര പുനർനിർമാണത്തിന് ശേഖരിച്ച സ്വർണത്തിന്‍റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വിജിലൻസിന് നിർദേശം നൽകിയിരുന്നു. കേസെടുക്കണമെങ്കിൽ തുടർ നടപടികളാവാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സ്വർണക്കൊളള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റയും ദേവസ്വം വിജിലൻസിന്‍റെയും കയ്യിലാണ് സ്വർണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട രേഖകളുളളത്. ഇത് സംസ്ഥാന വിജിലൻസ് ആവശ്യപ്പെടും.
തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും
ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ്റെ വാദം നടക്കും. കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായിരുന്നു. ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ഗൂഢാലോചനയിൽ അടക്കം തന്ത്രിക്ക് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ വാദം. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം തുടരുന്നത്. ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ വാസു സമർപ്പിച്ച ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് പ്രതി സ്വാഭാവിക ജാമ്യം തേടിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതും ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു.
ഗോവർധന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഗോവർധൻ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. രണ്ടു കേസുകളിലും ജാമ്യം തേടിയാണ് ഹർജി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.