Headlines

‘പുനർജനി’ പദ്ധതി: വി ഡി സതീശനെതിരെ CBI അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ. ‘പുനർജ്ജനി’ പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് ,സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശിപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.കേസിൽ വിജിലൻസിന്റെ അന്വേഷണം നടന്നുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണം നടത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നത്. സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചു. അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം അടക്കം ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.വിഡി സതീശനെതിരെ സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശയിൽ പറയുന്നു. മണപ്പാട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജനി പദ്ധതിയ്ക്കായി ഫൗണ്ടേഷൻ രൂപീകരിച്ച് വിദേശത്ത് പോയി പണം സ്വീകരിച്ചുവെന്നാണ് വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ കണ്ടെത്തലാണ് റിപ്പോർട്ടായി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്. യുകെയിൽ നിന്ന് 19,95,850 രൂപ വിവിധ വ്യക്തികളിൽ നിന്ന് സ്വീകരിച്ച് മണപ്പാട് ഫൗണ്ടേഷന്റെ പേരിൽ അയച്ചുവെന്ന് കണ്ടെത്തിയെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്ത് യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വിഡി സതീശൻ അഭ്യർഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.