എളമരം കരീം CITU ദേശീയ ജനറൽ സെക്രട്ടറിയാകും; എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയാകും

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം സിഐടിയു ദേശീയ ജനറൽ സെക്രട്ടറിയാകും. ഇ ബാലാനന്ദന് ശേഷം സിഐടിയു തലപ്പത്തെത്തുന്ന ആദ്യ മലയാളി നേതാവാണ് എളമരം കരീം. എളമരം കരീമിനു പകരം എം വി ജയരാജൻ സിഐടിയു സംസ്ഥാന സെക്രട്ടറിയാകും.വിശാഖപട്ടണത്തു നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനമാണ് എളമരം കരീമിനെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുക. നിലവിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയായ എളമരം കരീം, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. എളമരം ദേശീയതലത്തിലെത്തുന്നതോടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം വി ജയരാജൻ സിഐടിയു സംസ്ഥാന സെക്രട്ടറിയാകും.

വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്നു എളമരം കരീം. പിന്നീട് സിഐടിയു ചുമതലകളിലേക്ക് മാറുകയായിരുന്നു. പാർട്ടിയിലും, സംഘടനയിലും എളമരം കരീം നേതൃസ്ഥാനത്തേയ്ക്ക് ഉയരുന്നതിന്റെ സൂചന കൂടിയാണ് പുതിയ സ്ഥാനം. അഞ്ച് ദിവസം നീണ്ടുനിന്ന അഖിലേന്ത്യാ സമ്മേളനം തൊഴിലാളി മഹാറാലിയോടെ ഇന്ന് സമാപിക്കും. പുതിയ ഭാരവാഹികളെ ഇന്ന് തീരുമാനിക്കും.