ആറന്മുളയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൂടുതല്‍ സഹായം വേണമെന്ന് അഭ്യര്‍ഥിച്ച് അബിന്‍ വര്‍ക്കി എംഎല്‍എ. റാന്നിയില്‍ കയറിയ വെള്ളം മുഴുവന്‍ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണെന്നും റാന്നിയില്‍ കുറയുന്നതിനനുസരിച്ച് ആറന്മുളയില്‍ വെള്ളം കൂടുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ആറന്മുളയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്ന് അബിന്‍ അഭ്യര്‍ഥിച്ചു. (abin varkey mla seeks more help for aranmula| kerala rains)
അതേസമയം ഇന്നലെ അപേക്ഷിച്ച് ഇന്ന് മധ്യകേരളത്തില്‍ മഴയ്ക്ക് ശമനമുണ്ട്. മഴയുടെ കാര്‍മേഘം അല്പം ഒന്നു മാറി മാനമൊന്നു തെളിഞ്ഞെങ്കിലും ആറന്മുളയിലും സമീപപ്രദേശങ്ങളിലും ഉള്ളവരുടെ മനസ്സ് തെളിഞ്ഞിട്ടില്ല. കുത്തിയൊലിച്ചു വരുന്ന വെള്ളം ഏതുസമയത്തും വീടിനെ വിഴുങ്ങുമോ എന്ന ഭയം ഓരോരുത്തരിലും ഉണ്ട്. കഴിഞ്ഞദിവസം തകര്‍ത്തു പെയ്ത മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ റോഡുകളില്‍ കയറിയ വെള്ളം മെല്ലെ ഇറങ്ങിത്തുടങ്ങി. അപ്പോഴും പല വീടുകളും വെള്ളത്തിനടിയിലാണ്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള ഒട്ടുമിക്ക വീടുകളും വെള്ളത്തിലായി.ജില്ലയിലെ അമ്പതിലധികം ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയി 1100 ലേറെ ആളുകള്‍ കഴിയുന്നു. ഇന്നലെ മുടങ്ങിയ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ഇടപെടല്‍ കെഎസ്ഇബി തുടങ്ങി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഭക്തരെ കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ കടത്തിവിടു. ഉള്‍വനത്തില്‍ മഴ പെയ്യുന്നില്ലെങ്കിലും മണ്ണിടിച്ചില്‍ അടക്കമുള്ള സാധ്യതകള്‍ അധികൃതര്‍ കാണുന്നുണ്ട്. ശബരിമലയിലേക്ക് വരുന്ന ഭക്തരെ നിലക്കലില്‍ തടയും. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു.






