Headlines

‘പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ സമയം വേണം’; ഡിജിസിഎക്ക് മറുപടി നല്‍കി ഇന്‍ഡിഗോ

ഡിജിസിഎക്ക് മറുപടി നല്‍കി ഇന്‍ഡിഗോ. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. ഒന്നിലധികം പ്രശ്‌നങ്ങളുടെ ഫലമാണ് തടസങ്ങള്‍ക്ക് കാരണമെന്ന് കമ്പനി വ്യക്തമാക്കി. നിര്‍ഭാഗ്യകരവും പ്രവചനാതീതവുമായ പ്രശ്‌നം ആണ് ഉണ്ടായത്. പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ സമയം വേണമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

അതേസമയം, ഇന്‍ഡിഗോ സിഇഒയെ വീണ്ടും വിളിപ്പിച്ചേക്കും. ഡിജിസിഎ നിയോഗിച്ച സമിതിയാണ് വിളിപ്പിക്കുക.

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ സിഇഒക്ക് കഴിഞ്ഞ ദിവസം ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനകം മറുപടി നല്‍കണം എന്നും പ്രതിസന്ധിയില്‍ സിഇഒക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് നോട്ടീസ് വിശദമാക്കുന്നത്.
അതേസമയം, തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്‍ഡിഗോയില്‍ പ്രതിസന്ധി ഒഴിഞ്ഞില്ല. രാജ്യവ്യാപകമായി 500 ലധികം വിമാന സര്‍വീസുകള്‍ ആണ് ഇന്ന് റദ്ദാക്കിയത്. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരുട ആവശ്യകതകള്‍ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ നടപ്പാക്കണം എന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി.

ഡല്‍ഹിയില്‍ ഇന്‍ഡിഗോയുടെ 134ല്‍ ഏറെ സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. ബാംഗ്ലൂരില്‍ 127 സര്‍വീസുകളും ഹൈദരാബാദില്‍ 77 വിമാന സര്‍വീസുകളും റദ്ദാക്കി. അതേസമയം 91 ശതമാനം വിമാന സര്‍വീസുകളും ഇന്ന് കൃത്യസമയം പാലിച്ചതായി ഇന്‍ഡിഗോ അറിയിച്ചു. സോഫ്റ്റ്വെയര്‍ പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം നടത്തി. തുടര്‍ച്ചയായ സാങ്കേതികവിദ്യ നവീകരണം നടക്കുന്നുണ്ട്. രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് ഉയര്‍ന്ന ആഗോള നിലവാരം പുലര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു രാജ്യസഭയില്‍ പറഞ്ഞു

റദ്ദാക്കിയ ടിക്കറ്റുകള്‍ക്ക് ഇതുവരെ 827 കോടി രൂപ ഇന്‍ഡിഗോ റീഫണ്ട് ചെയ്തു. 3000ത്തോളം ബാഗേജുകളും എത്തിച്ചു നല്‍കി. ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകള്‍ വൈകാനോ തടസപ്പെടാനോ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തുന്നതിനു മുന്‍പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഡല്‍ഹി വിമാനത്താവളം നിര്‍ദ്ദേശം നല്‍കി.