വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തതില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഇന്‍ഡിഗോ സിഇഒക്കാണ് നോട്ടീസ് അയച്ചത്. ഇന്നലെ വ്യോമയാന മന്ത്രാലയം വിളിച്ച യോഗത്തിന് പിന്നാലെയാണ് നോട്ടീസ്.
അതേസമയം, ഇന്‍ഡിഗോ വിമാന പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള 20-ലേറെ സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകുന്നത് ശബരിമല തീര്‍ത്ഥാടകരേയും വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടവരെയുമെല്ലാം വലച്ചു.
ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ അടക്കം പ്രധാന വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ ആയിരത്തോളം സര്‍വീസുകളാണ് റദ്ദാക്കിയത്.
ഇത് മുതലെടുത്ത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഡല്‍ഹി – തിരുവനന്തപുരം യാത്രയ്ക്ക് 80000 രൂപ വരെയും, ഡല്‍ഹി – കൊച്ചി യാത്രക്ക് 70000 വരെയും ഈടാക്കിയിരുന്നു. കാര്യങ്ങള്‍ കൈവിട്ടതോടെ, വ്യോമയാന മന്ത്രാലയം പ്രശ്‌നത്തില്‍ ഇടപെട്ടു. വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി.
500 കിലോമീറ്റര്‍ വരെ പരമാവധി 7500 രൂപയാണ് ഇനി കമ്പനികള്‍ക്ക് ഈടാക്കാനാകുക. 500-1000കിലോമീറ്റര്‍ ദൂരത്തിനു 12000, 1000- 1500 കിലോമീറ്ററിന് 15000, 1500ന് മുകളില്‍ പരമാവധി 18000 രൂപ എന്നിങ്ങനെയാണ് പുതിയ പരിധി. ബിസിനസ് ക്ലാസിന് പരിധി ബാധകമല്ല. കൂടാതെ, റദ്ദാക്കിയ വിമാനങ്ങളിലെ എല്ലാ യാത്രക്കാര്‍ക്കുമുള്ള റീഫണ്ട് നാളെ രാത്രി 8 മണിക്ക് മുന്‍പ് മടക്കി നല്‍കാനും ഇന്‍ഡിഗോക്ക് നിര്‍ദേശം നല്‍കി.
പ്രശ്‌നം പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രാലയം ധരിപ്പിച്ചു. പുതിയ പൈലറ്റ് ഡ്യൂട്ടി വിശ്രമ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇളവ് വേണമെന്ന ഇന്‍ഡിഗോയുടെ ആവശ്യം പരിഗണിച്ച് ഫെബ്രുവരി 10 വരെ സര്‍ക്കാര്‍ താല്‍ക്കാലിക ഇളവ് നല്‍കുകയും ചെയ്തു. രാജ്യത്ത് ഒരു കമ്പനിക്ക് മാത്രം ആധിപത്യം ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമാണിതെന്നും, സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അടുത്ത രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം. യാത്രക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിന് റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുകയും തിരക്കേറിയ റൂട്ടുകളില്‍ അധിക കോച്ചുകള്‍ ചേര്‍ക്കുകയും ചെയ്തു.







