രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ കെ രമ എംഎല്‍എ. നിരപരാധി ആണെങ്കില്‍ ഇനിയും ജനപ്രതിനിധിയാകാന്‍ അവസരം ഉണ്ടാകുമല്ലോയെന്നും കെ കെ രമ പറഞ്ഞു. എം മുകേഷ് എംഎല്‍എയുടെ കാര്യത്തിലും തനിക്ക് ഇതേ നിലപാടാണെന്നും കെകെ രമ പറഞ്ഞു.
ഇതുപോലെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ജനപ്രതിനിധികള്‍ ആ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടുക എന്നുള്ളതാണ് രീതി എന്ന അഭിപ്രായമാണുള്ളത്. തുടക്കം മുതല്‍ ഈയൊരു അഭിപ്രായം പറഞ്ഞയാളാണ് ഞാന്‍. രാഹുല്‍ വിഷയത്തില്‍ മാത്രമല്ല, മുകേഷ് എംഎല്‍എയുടെ കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. അന്വേഷണം നേരിടട്ടെ. ജനപ്രതിനിധികളാകാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാകുമല്ലോ. ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ സ്ഥാനത്ത് നിന്ന് രാജിവച്ച് അന്വേഷണം നേരിടണം കെ കെ രമ പറഞ്ഞു.
അതേസമയം, പത്ത് ദിവസമായി ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ ഇനിയും പൊലീസിന് സാധിച്ചിട്ടില്ല. ബെംഗളൂരു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. അറസ്റ്റ് വൈകുന്നതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. പൊലീസിന് രാഹുലിനെ കണ്ടെത്തനായില്ലെന്ന സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ അറസ്റ്റ് ചെയ്യുന്ന പതിവ് കേരളത്തിലില്ലെന്നും പറഞ്ഞു.രണ്ടാമത്തെ കേസില്‍ മൊഴിയെടുക്കുന്നതിന് മുന്നോടിയുമായി പരാതിക്കാരിയുമായി എസ്‌ഐടി സംഘം ആശയവിനിമയം നടത്തി.. രണ്ട് ദിവസത്തിനുള്ളില്‍ മൊഴി രേഖപ്പെടുത്താനാണ് നീക്കം. വ്യക്തിഗത വിവരങ്ങള്‍ പരസ്യപ്പെടുമോ എന്ന ആശങ്ക എസ്‌ഐടി സംഘത്തോട് അതിജീവിത പങ്കുവെച്ചിട്ടുണ്ട്.







