ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു; ഇന്നും സർവീസുകൾ റദാക്കിയേക്കും

ഇൻഡിഗോ വിമാന സർവിസ് പ്രതിസന്ധി തുടരുന്നു. ഇന്നും പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ റദാക്കിയേക്കും. അതിനിടെ കമ്പനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് ഡിജിസിഎ സമയം നീട്ടി നൽകി. നോട്ടീസിന് മറുപടി നൽകാൻ ഇന്ന് വൈകുന്നേരം 6 മണി വരെ സമയമുണ്ട്.

റദാക്കിയ ടിക്കറ്റുകൾക്ക് ഇതുവരെ 610 കോടി രൂപ റീഫണ്ട് ചെയ്തതായി ഇൻഡിഗോ അറിയിച്ചു. 3000ത്തോളം ബാഗേജുകളും എത്തിച്ചു നൽകി. ഡിസംബർ 10നകം സർവീസുകൾ പൂർവസ്ഥിതിയിൽ ആകുമെന്നാണ് ഇൻഡിഗോ വക്താവ് അറിയിച്ചത്. 138 ലക്ഷ്യ സ്ഥാനങ്ങളിൽ 137 ഇടത്തും സർവീസുകൾ പുനരാരംഭിച്ചതെന്നാണ് ഇൻഡിഗോ അവകാശവാദം.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്‍ഡിഗോയുടെ ആയിരക്കണക്കിന് സര്‍വീസുകളാണ് രാജ്യവ്യാപകമായി തടസപ്പെട്ടത്. നിരവധി വിമാനസര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ റദ്ദാക്കിയിരുന്നു. ഒട്ടേറെ സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകുകയുംചെയ്തു. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിട്ടതാണ് ഇന്‍ഡിഗോയ്ക്ക് പ്രതിസന്ധിയായത്. സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞതോടെ പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാനുള്ള പുതിയ ഡ്യൂട്ടി ചട്ടമായ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതില്‍ ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവ് നല്‍കിയിരുന്നു.

അതിനിടെ, പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ചുള്ള പുതിയ ചട്ടങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ വീഴ്ചവരുത്തിയതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ മറുപടിനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിസിഎ ഇന്‍ഡിഗോ സിഇഒയ്ക്ക് നോട്ടീസ് നല്‍കിയത്.