Headlines

പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ; സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും

ആറാം ദിവസവും പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ വിമാന സർവീസുകൾ. വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും. അതേസമയം സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് DGCA വിലയിരുത്തൽ. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിനും ഇൻഡിഗോ സിഇഒ ഇന്ന് മറുപടി നൽകും.

ഇന്ന് രാത്രി എട്ട് മണിക്കകം മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം. അതേസമയം സർവീസുകൾ പൂർണമായി പുനസ്ഥാപിക്കാൻ 10 ദിവസം കൂടി വേണ്ടിവരുമെന്ന് ഇൻഡിഗോ അധികൃതർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു. ഇന്‍ഡിഗോ വിമാന പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള 20-ലേറെ സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകുന്നത് ശബരിമല തീര്‍ത്ഥാടകരേയും വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടവരെയുമെല്ലാം വലച്ചു.

ഇൻഡി​ഗോ പ്രതിസന്ധിയെ തുടർന്ന് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഡല്‍ഹി – തിരുവനന്തപുരം യാത്രയ്ക്ക് 80000 രൂപ വരെയും, ഡല്‍ഹി – കൊച്ചി യാത്രക്ക് 70000 വരെയും ഈടാക്കിയിരുന്നു. കാര്യങ്ങള്‍ കൈവിട്ടതോടെ, വ്യോമയാന മന്ത്രാലയം പ്രശ്‌നത്തില്‍ ഇടപെട്ടു. വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി.