Headlines

ട്രൂത്ത് ഈസ് പവര്‍ഫുള്‍; പിണറായി പ്രതിപ്പട്ടികയില്‍ വരുമെന്ന് എത്രയോ കാലം മുമ്പ് ഞാന്‍ പറഞ്ഞതാണ്: മാത്യു കുഴല്‍നാടന്‍

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനും മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഉത്തരവ് നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഞാന്‍ ഇതിനുവേണ്ടി പരിശ്രമിച്ചപ്പോള്‍ മൂന്ന് കോടതികളില്‍ എനിക്ക് അനുകൂലമായ ഒരു വിധി സമ്പാദിക്കാന്‍ ആയില്ല. സുപ്രീംകോടതിയില്‍ നിന്നും അന്നത്തെ കേസ് ഡിസ്മിസ് ചെയ്യുമ്പോള്‍ ഒരുപാട് ആക്ഷേപവും പരിഹാസവും നേരിടേണ്ടി വന്നു. ഇത് അവസാനമല്ല എന്ന് അന്ന് ഞാന്‍ സുപ്രീം കോടതിയുടെ വളപ്പില്‍ നിന്നുകൊണ്ട് പറഞ്ഞിരുന്നു. സത്യം ജയിക്കുന്ന ഒരു സമയം ഉണ്ടാകും. ഇത് ഇവിടെ അവസാനിപ്പിക്കുന്നില്ല എന്നും ഞാന്‍ പറഞ്ഞു. സുപ്രീംകോടതിയുടെ മുകളിലും ഒരു ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. മുകളില്‍ ഒരു കോടതി ഉണ്ടല്ലോ. ഇന്നിപ്പോള്‍ മാസപ്പടി കേസില്‍ എന്റെ ഹര്‍ജി തള്ളിയ അതേ ഹൈക്കോടതി പിണറായി വിജയനെതിരെ കേസെടുക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയത് ചരിത്രത്തിന്റെ കാവ്യനീതിയായി ഞാന്‍ കാണുകയാണ്. ട്രൂത്ത് ഈസ് പവര്‍ഫുള്‍. സത്യമെന്ന് പറയുന്നത് വളരെ പവര്‍ഫുള്ളാണ് – അദ്ദേഹം പറഞ്ഞു.ഉത്തരവില്‍ തനിക്ക് ചെറുതല്ലാത്ത ആഹ്ലാദവും സന്തോഷവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിണറായി പ്രതിപ്പട്ടികയില്‍ വരുമെന്ന് എത്രയോ കാലം മുമ്പ് കേരളത്തിലെ ജനങ്ങളോട് പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇഡിയുടെ കത്തില്‍ പിണറായി വിജയനും മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്നാണ് കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ ഉള്‍പ്പെടെ തുടര്‍നടപടി സ്വീകരിക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനും തിരിച്ചടിയാണ് കോടതിവിധി. അതേസമയം, ഇഡി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ട്വന്റിഫോറിന് ലഭിച്ചു. പിണറായി വിജയനുള്ള പണം വീണ ടി കൈപ്പറ്റിയെന്നടക്കമുള്ള പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.