വാഷിങ്ടൻ ∙ ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ യുഎസിൽ 2028 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചർച്ചകൾക്കു ചൂടുപിടിക്കുന്നു. ജനപ്രതിനിധിസഭാംഗമായ ഇന്ത്യൻ വംശജൻ റോ ഖന്നയെ മുൻനിർത്തിയാണ് ഡെമോക്രാറ്റിക് പാർട്ടി ക്യാംപിൽ നീക്കം നടക്കുന്നത്. അദ്ദേഹത്തെ മത്സരരംഗത്തിറക്കാൻ ലക്ഷ്യമിട്ട് അടുത്ത അനുയായികളും പ്രമുഖ നേതാക്കളും ചേർന്ന് ‘റൺ റോ’ എന്ന കൂട്ടായ്മ രൂപീകരിച്ചു. സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ ഖന്ന അന്തിമതീരുമാനം എടുക്കുന്നതുവരെ ഫണ്ട് ശേഖരിക്കാനും പിന്തുണ സമാഹരിക്കാനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. ജനപ്രതിനിധിസഭയിൽനിന്ന് ഒരാൾ നേരിട്ട് പ്രസിഡന്റ് പദവിയിലെത്തുകയെന്നത് കടുത്ത വെല്ലുവിളിയാണ്; 1880 ൽ ജയിംസ് ഗാർഫീൽഡ് മാത്രമാണ് ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഫിലഡൽഫിയയിൽ ജനിച്ച റോ ഖന്ന അഞ്ചാം തവണയാണ് കോൺഗ്രസ് അംഗമാകുന്നത്. വിവാദമായ എപ്സ്റ്റീൻ ഫയലുകൾ പരസ്യപ്പെടുത്തുന്നതിനും ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. മത്സരിക്കണോ അതോ മറ്റാരെയെങ്കിലും പിന്തുണയ്ക്കണോയെന്ന് അവധിക്കുശേഷം കുടുംബവുമായി ആലോചിച്ചു തീരുമാനിക്കും എന്നാണ് ഖന്ന പറഞ്ഞത്.വാർത്തകൾ തള്ളി മാർക്കോ റൂബിയോ
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഉടൻ രാജിവച്ചേക്കുമെന്ന വാർത്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിഷേധിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നതുവരെ പദവിയിൽ തുടരാനാണ് താൽപര്യമെന്ന് ‘ന്യൂയോർക്ക് ടൈംസി’നു നൽകിയ അഭിമുഖത്തിൽ റൂബിയോ വ്യക്തമാക്കി.‘സത്യം പറഞ്ഞാൽ, ഇത്തരം വാർത്തകൾ എവിടെനിന്നാണ് ഉണ്ടാകുന്നതെന്ന് എനിക്കറിയില്ലെ’ന്നു പറഞ്ഞ അദ്ദേഹം ഇതേക്കുറിച്ച് ഇനി ഒരു വാക്കുപോലും സംസാരിക്കില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിൽ, വൈറ്റ് ഹൗസിലും പെന്റഗണിലും ആഭ്യന്തരതർക്കങ്ങൾ രൂക്ഷമാണ്.
ഇംപീച്ച്മെന്റ് ഭീഷണിക്ക് വഴങ്ങില്ല: ഹെഗ്സെത്
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് പക്ഷങ്ങളിൽനിന്ന് രാജി സമ്മർദമേറി. ഇംപീച്ച്മെന്റ് ഭീഷണി ഉയരുന്നതിനിടെ, പദവിയൊഴിയില്ലെന്ന് ഹെഗ്സെത്ത് വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. കോൺഗ്രസ് നീക്കങ്ങളെ ‘പ്രഹസനം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തന്നെ വ്യക്തിപരമായി തകർക്കാനുള്ള നീക്കങ്ങൾ വിജയിക്കില്ലെന്നും പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിന് കാരണം ഇറാൻ യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുറന്നടിച്ചിരുന്നു.
ഹെഗ്സെത്തിനെതിരെ അടുത്ത ആഴ്ച വീണ്ടും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസി മുന്നറിയിപ്പ് നൽകി. എന്നാൽ, ഹെഗ്സെത് മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ട്രംപ് പ്രതികരിച്ചു. ഹെഗ്സെത്തിനെ നീക്കുമോയെന്ന ചോദ്യങ്ങളെ അദ്ദേഹം തള്ളി.
ട്രംപിന്റെ ‘ട്രയംഫൽ ആർച്ചി’ന് താൽക്കാലിക വിലക്ക്
തലസ്ഥാനമായ വാഷിങ്ടനിൽ പോട്ടോമാക് നദിക്കരയിൽ 76 മീറ്റർ ഉയരത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർമിക്കാൻ ഉദ്ദേശിച്ച കൂറ്റൻ ‘ട്രയംഫൽ ആർച്ചി’ന്റെ നിർമാണത്തിന് ഡിസ്ട്രിക്ട് ജഡ്ജി താന്യ ചുട്കൻ 14 ദിവസത്തേക്കു വിലക്കേർപ്പെടുത്തി. 3 വർഷത്തോളം നീളുന്ന വലിയ തോതിലുള്ള ഖനനവും നിർമാണവും ഗതാഗതക്കുരുക്കിനും ശബ്ദമലിനീകരണത്തിനും കാരണമാകുമെന്നു കോടതി നിരീക്ഷിച്ചു.









