Headlines

പീച്ചി കസ്റ്റഡി മര്‍ദനം; SI രതീഷിനെതിരായ റിപ്പോർട്ട് മാസങ്ങളായി കെട്ടിക്കിടക്കുന്നു, കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടി ഉണ്ടായില്ല

തൃശൂർ പീച്ചിയിലെ പൊലീസ് മർദനത്തിൽ എസ്‌ഐ രതീഷിനെതിരായ റിപ്പോർട്ട് ഐജി ഓഫീസിൽ കെട്ടികിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ. രതീഷ് മർദിച്ചെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും അന്വേഷണം പൂർത്തിയാക്കുന്നതിനിടെ ആരോപണവിധേയനായ രതീഷിന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. പിന്നീട് ഉദ്യോഗസ്ഥൻ കൊച്ചി പരിധിയിൽ എസ്എച്ച്ഒ ആയി ചുമതലയേറ്റെടുക്കുകയായിരുന്നു. ഉത്തര മേഖല ഐജിയുടെ അധികാര പരിധിയിൽ നിന്ന് രതീഷ് മാറി എന്ന് പറഞ്ഞാണ് നടപടി എടുക്കാതിരുന്നത്.

പ്രതിപക്ഷ ആരോപണം ശെരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. 2024 ഒക്ടോബറിന് ശേഷം അന്വേഷണ റിപ്പോർട്ട് പൂർത്തിയാക്കി മറ്റ് നടപടികളിലേക്ക് അയച്ചെങ്കിലും 2025 ആദ്യ മാസം ഈ റിപ്പോർട്ട് ദക്ഷിണ മേഖല ഐ ജിക്ക് കൈമാറിയെങ്കിലും തുടർനടപടി ഉണ്ടായില്ല.

പീച്ചി കസ്റ്റഡി മർദനത്തിൽ എസ് ഐ സംരക്ഷിക്കാനും നീക്കം നടത്തി. മർദന വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിഞ്ഞു. ദൃശ്യങ്ങളും വിവരങ്ങളും പുറത്ത് വരുമെന്ന് കാണിച്ച് ADGP എസ് ശ്രീജിത്ത്‌ സർക്കുലർ അയക്കുകയും ചെയ്തു

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെയാണ് പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്ഐ രതീഷ് മര്‍ദിച്ചത്. 2023 ലായിരുന്നു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ദിനേശ് എന്നയാളുമായി ഹോട്ടലില്‍ തര്‍ക്കം ഉണ്ടായതുമായി ബന്ധപ്പെട്ടാണ് ഇവരെ സ്റ്റേഷനില്‍ കൊണ്ടു പോയത്. കേസ് ഒത്തുത്തീര്‍പ്പാക്കുന്നതിനായ് എസ്ഐ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും മൂന്ന് ലക്ഷം പൊലീസുകാര്‍ക്കും രണ്ട് ലക്ഷം ദിനേശിനും നല്‍കാന്‍ ആവശ്യപ്പെട്ടതായും ഔസേപ്പ് പറഞ്ഞു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്‌ഐ പണം വാങ്ങിയത്. സ്റ്റേഷനിൽ എത്തി പണം നൽകിയ ശേഷമാണ് മകനെയും ഹോട്ടൽ ജീവനക്കാരെയും വിട്ടയച്ചതെന്ന് ഔസേപ്പ് പറഞ്ഞു.