Headlines

പീച്ചി സ്റ്റേഷന്‍ മര്‍ദനം; സിഐ രതീഷിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത് ജനുവരിയില്‍; കര്‍ശന നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍; ഉടന്‍ നടപടിയെടുത്തേക്കും

പീച്ചി പോലീസ് സ്റ്റേഷന്‍ മര്‍ദ്ദനത്തില്‍ സി ഐ പിഎം രതീഷിനെതിരെ ഉടന്‍ നടപടിക്ക് സാധ്യത. അഡീഷണല്‍ എസ്പി കെഎ ശശിധരന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടിയെടുക്കുക. ജനുവരിയിലാണ് രതീഷിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. രതീഷിന് കടവന്ത്ര എസ് എച്ച് ഒ ആയി പ്രമോഷന്‍ ലഭിച്ചതോടെ നോര്‍ത്ത് സോണ്‍ ഐജി സൗത്ത് സോണ്‍ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് കണ്ടെത്തല്‍. കര്‍ശന നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുമുണ്ടായിരുന്നു. പണം വാങ്ങി കേസ് ഒതുക്കി തീര്‍ത്തു എന്ന ആരോപണത്തിലും അന്വേഷണത്തിന് സാധ്യതയുണ്ട്.

മെയ് മാസം 24ആം തീയതി പീച്ചിയിലെ ഹോട്ടലില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് ഹോട്ടല്‍ ഉടമയുടെ മകനെയും ജീവനക്കാരെയും പീച്ചി എസ് ഐ രതീഷ് കസ്റ്റഡിയില്‍ എടുക്കുന്നത്. പോലീസ് സ്റ്റേഷനില്‍ എത്തിയ ഇവരെ എസ് ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചു.ഇതിന് ശേഷമായിരുന്നു പോലീസിന്റെ ഒത്തുതീര്‍പ്പ് നീക്കം. ഹോട്ടല്‍ ഉടമയില്‍ നിന്ന് 5 ലക്ഷം രൂപ വാങ്ങി കേസ് ഒതുക്കി തീര്‍ത്തു എന്നാണ് ആരോപണം.

ആരോപണ വിധേയനായ പോലിസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പീച്ചി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കുന്ദംകുളം സ്റ്റേഷനിലെ ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായതിന് പിന്നാലെയാണ് പീച്ചി സ്റ്റേഷനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്.