Headlines

കൺമുന്നിൽ വിരലറ്റു; ഫേസ്ബുക്ക് കുറിപ്പുമായി മാധ്യമ പ്രവർത്തക

കൺമുന്നിൽ വിരലറ്റു പോയതിൻ്റെ ഞെട്ടലിലാണ് മാധ്യമ പ്രവർത്തകയായ രാഖി റാസ്. ഫേസ്ബുക്കിലാണ് ഏവരെയും ഞെട്ടിക്കുന്ന സ്വന്തം അനുഭവം രാഖി പോസ്റ്റ് ചെയ്തത്. ജോലി സംബന്ധമായി കോഴിക്കോട് വടകരയിലേക്ക് പോയി മടങ്ങവേ സ്വകാര്യ ബസ്സിൻ്റെ വാതിൽ വശത്തെ തകിടിൽ കുരുങ്ങിയാണ് വനിത പത്രാധിപ സമിതി അംഗമായ രാഖിക്ക് മോതിര വിരൽ നഷ്ടപ്പെട്ടത്. ബസ്സിൽ നിന്നിറങ്ങുമ്പോഴായിരുന്നു സംഭവം.

മോതിരവും മുറിഞ്ഞുപോയ വിരലും ഡോറിന് സമീപം ഇരുമ്പ് തകിടിൻ്റെ വിടവിൽ തറഞ്ഞിരുന്നു. ധൈര്യം സംഭരിച്ച്, വിരലും മോതിരവും ഊരിയെടുത്ത് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിയെങ്കിലും തുന്നിച്ചേർക്കാനാകാത്ത വിധമായിരുന്നു. സ്വകാര്യ ബസ്സുകളുടെ ഡോറിനടുത്ത വിടവുകളിൽ മോതിരം കുടുങ്ങി ഇത്തരം അനുഭവം നേരിട്ട മറ്റു പലരുമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞാണ് രാഖി അറിഞ്ഞത്. രാഖിയുടെ മോതിരം മുന്‍പും ഇതുപോലെ കുടുങ്ങിയിട്ടുണ്ട്‌. മോതിരം പൊട്ടിയതുകൊണ്ടു മാത്രമാണ് അന്ന് രക്ഷപ്പെട്ടത്‌. ബസ്സിന്റെ ബോഡി ഡിസൈനിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഇനിയും ഇത്തരം അപകടങ്ങൾ സംഭവിച്ചേക്കാമെന്ന് രാഖി മുന്നറിയിപ്പ് നൽകുന്നു.