Headlines

പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥലം സന്ദർശിക്കും

കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം ഇട്ട സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കും. വിഷയത്തിൽ നാളെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ മാതൃകയിൽ അത്തപ്പൂക്കളം ഇട്ടതിന് സൈനികൻ അടക്കം 27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കലാപശ്രമം, നിയമവിരുദ്ധമായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ പൊലീസ് നടപടിക്ക് എതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. പൊലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കേരളം ഭരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണോ അതോ പാകിസ്താൻ ഭരണത്തിലാണോ കേരളമെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു. എത്രയും വേഗം എഫ് ഐ ആര്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളാ പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.