Headlines

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍; പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം; സൗജന്യയുടെ കുടുംബത്തിന്റെ വാഹനം തകര്‍ത്തു

ധര്‍മസ്ഥലയില്‍ ദുരൂഹ മരണങ്ങളില്‍ പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൗജന്യയുടെ കുടുംബത്തിന്റെ വാഹനമാണ് അക്രമികള്‍ തകര്‍ത്തത്. സൗജന്യയുടെ അമ്മാവന്റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. സൗജന്യയുടെ ചിത്രമുള്ള വാഹനത്തിന് നേരെയായിരുന്നു ആക്രമണം. വീട്ടിലേക്കുള്ള വഴിയിലെ ബോര്‍ഡും നശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. സൗജന്യയുടെ വീടിന് മുന്നില്‍ നിന്നും ഒരു യൂട്യൂബര്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇവിടെ ആളുകള്‍ തടിച്ചു കൂടി. പിന്നീട് ഇവര്‍ മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. ഇതിനെതിരെ ആക്ഷന്‍ കമ്മറ്റിയിലെ അംഗങ്ങള്‍ കൂടി രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. മാധ്യമപ്രവര്‍ത്തകരെ അഡ്മിറ്റ് ചെയ്ത ആശുപത്രിക്ക് മുന്നിലും സംഘര്‍ഷമുണ്ടായി.

സംഘര്‍ഷത്തെ തുടര്‍ന്ന് ധര്‍മസ്ഥലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വെസ്റ്റേണ്‍ സോണ്‍ ഐജിയും ദക്ഷിണ കന്നട എസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. അഞ്ച് ബറ്റാലിയന്‍ പൊലീസിനെ ധര്‍മ്മസ്ഥലയില്‍ വിന്യസിച്ചു. ഇന്നത്തെ പരിശോധന കനത്ത സുരക്ഷയിലായിരിക്കും നടക്കുക. ഇരുവിഭാഗവും ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ പ്രത്യേക അന്വേഷണസംഘം യോഗം ചേരും. അതേസമയം, നാല് യൂട്യൂബര്‍മാരെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തു.