അമേരിക്കയുടെ ഇരട്ടി തീരുവ പ്രഖ്യാപനത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന. അതിന് വലിയ വില നല്‍കേണ്ടി വന്നേക്കാമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഡല്‍ഹിയില്‍ നടന്ന എംഎസ് സ്വാമിനാഥന്‍ ശദാബ്ദി അന്താരാഷ്ട്ര സമ്മേളനത്തം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന. കര്‍ഷകര്‍, മത്സ്യതൊഴിലാളികള്‍ എന്നിവരുടെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വരുമെന്നെനിക്ക് അറിയാം. പക്ഷേ, ഞാന്‍ തയാറാണ്. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും വേണ്ടി ഇന്ത്യയും തയ്യാറാണ് – പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ യുഎസിലേക്ക് നിരവധി കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ട്രംപിന്റെ താരിഫുകളുടെ ആഘാതം വഹിക്കാന്‍ പോകുന്ന മേഖലകളില്‍ ഒന്നാണ് കാര്‍ഷിക മേഖല.
ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ക്കിടയിലും, റഷ്യയുടെ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ആവശ്യമായ എല്ലാ നടപടികളും ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതല്‍ 50 ശതമാനം വരെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്നലെയാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വീണ്ടും 25 ശതമാനം തീരുവ ചുമത്തുന്നതായി അമേരിക്ക പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. നേരത്തെ ചുമത്തിയ 25 ശതമാനം തീരുവയ്ക്കു പുറമെ ആണിത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള ആകെ തീരുവ 50 ശതമാനം ആയി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്.