വിജയ് ചിത്രം ജനനായകന്റെ റിലീസിങ് പ്രതിസന്ധി തുടരുന്നു. കേസിൽ വാദം കേട്ട മദ്രാസ് ഹൈക്കോടതി, വിധി പറയാനായി മാറ്റി. നാളെയോ മറ്റന്നാളോ വിധി പറയും. ഒൻപതിനാണ് ചിത്രം തീയറ്ററുകളിൽ എത്തേണ്ടത്. ഒൻപതിന് റിലീസ് ചെയ്തില്ലെങ്കിൽ നഷ്ടമുണ്ടാകുമെന്ന് നിർമാതാക്കൾ അറിയിച്ചു. സെൻസർ ബോർഡ് അംഗമാണ് ചിത്രത്തിനെതിരെ പരാതി നൽകിയത്.സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികൾ ലഭിച്ചതിനാൽ ചിത്രം വീണ്ടും കാണാൻ റിവൈസിങ് കമ്മിറ്റിക്കു കൈമാറിയെന്ന ബോർഡിന്റെ വിശദീകരണത്തെ തുടർന്നു കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
അതേസമയം കേരളത്തിലടക്കം പല കേന്ദ്രങ്ങളിലും അതിരാവിലെയുള്ള ഷോകൾ ഉൾപ്പെടെയുള്ളവയ്ക്ക് ബുക്കിങ് തുടങ്ങിയിരുന്നു. ചിത്രം റിലീസ് നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കുമോയെന്നുള്ള ആശങ്ക നിലനിൽക്കേയാണിത്. പലയിടത്തും ഷോകൾ ഹൗസ്ഫുള്ളാണെന്ന് ബുക്കിങ് സൈറ്റുകൾ വ്യക്തമാക്കുന്നു. ചിത്രം പ്രീ ബുക്കിങ്ങിലൂടെ മാത്രം 35 കോടി നേടിയെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.






