വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന് പേർക്ക്. അമേരിക്കൻ ശാസ്ത്രജ്ഞരായ മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഷിമോൺ സകാഗുച്ചി എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലിനാണ് പുരസ്കാരം. രോഗപ്രതിരോധസംവിധാനം ശിരീരാവയവങ്ങളെയും കോശങ്ങളെയും ആക്രമിക്കാതെ നിയന്ത്രിതമായി നിർത്താമെന്ന പഠനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
പെരിഫറൽ ഇമ്യൂൺ ടോളറൻസ് സംബന്ധിച്ച കണ്ടെത്തലുകളാണ് മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ ഷിമോൺ സകാഗുച്ചി എന്നിവരെ പുരസ്കാരത്തിന് അർഹരാക്കിയത്. 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 10.36 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. “രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന് അവരുടെ കണ്ടെത്തലുകൾ നിർണായകമാണ്” നോബൽ കമ്മിറ്റി ചെയർമാനായ ഒല്ലെ കാംപെ പറഞ്ഞു.
പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാർഡുകൾ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് കണ്ടെത്തലുകൾക്ക് വഴിത്തിരിവായത്. ഈ കോശങ്ങൾ ശരീരത്തെ ആക്രമിക്കുന്ന പ്രതിരോധ കോശങ്ങളെ തടയുന്നത്.