Headlines

‘ഈ രാജ്യം ഭരിക്കാൻ വേണ്ടിയാണ് തങ്ങൾ ജനിച്ചത് എന്ന മോദിയുടെ മനോഭാവമാണ് പിണറായി വിജയന്, ജനങ്ങളെ മനസിലാക്കുന്ന നേതാക്കൾ യുഡിഎഫിൽ ഉണ്ട്’; രാഹുൽ ഗാന്ധി

ഈ രാജ്യം ഭരിക്കാൻ വേണ്ടിയാണ് തങ്ങൾ ജനിച്ചത് എന്ന മോദിയുടെ മനോഭാവമാണ് പിണറായി വിജയനെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസിനെതിരെ ബിജെപിയും എൽഡിഎഫും അവിശുദ്ധ ബന്ധമുണ്ട്. ഇവിടുത്തെ ഇടതുപക്ഷ ഗവൺമെന്റ് ഇടതുപക്ഷമാണോ. മോദിക്കും ബിജെപി ക്കും അറിയാം ഇന്ത്യയിൽ ഭീഷണി ഉയർത്തുന്നത് കോൺഗ്രസും ഐക്യ ജനാധിപത്യ മുന്നണിയമാണെന്ന്. എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി ക്ഷേത്രത്തെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും സംസാരിക്കുന്നു. പക്ഷേ കേരളത്തിൽ വരുമ്പോൾ ശബരിമല വിഷയത്തെപ്പറ്റി മിണ്ടുന്നില്ല. മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.ദൈവത്തെയും അമ്പലത്തെയും മോദി മറന്നുപോയി. ഞാൻ ദിനംപ്രതി ബിജെപിയെയും ആർഎസ്എസിനെയും ആക്രമിക്കുന്ന ആളാണ്. എന്നെ ഇഡിയും ഇൻകം ടാക്സും വേട്ടയാടി ലോക്സഭാ അംഗത്വം പോലുമില്ലാതക്കാൻ ശ്രമിച്ചു. എന്നാൽ മുഖ്യമന്ത്രിക്ക് എതിരെയോ സിപിഐഎം നേതാക്കൾക്കെതിരെ യാതോരന്വേഷണവുമില്ല. ഇവിടെ പങ്കാളിത്തം വ്യക്തമായി. മണിപ്പൂർ കത്തിക്കാൻ കാരണമായവരാണ് ബിജെപി.

മതത്തിന്റെ പേരിൽ രാജ്യം മുഴുവൻ വിദ്വേഷവും അക്രമവും പരത്തുകയാണ്. കേരളത്തിലെ പരസ്യ ബോർഡുകളിൽ മുഴുവൻ മുഖ്യമന്ത്രിയുടെ മുഖമാണ്. പരസ്യ ബോർഡുകൾ എഴുതിയിരിക്കുന്നത് മറ്റാറുണ്ട് എന്നാണ്. കേരളം ഭരിക്കുന്ന തരത്തിലുള്ള ദൈവമല്ല മുഖ്യമന്ത്രി. പരിചയസമ്പന്നരായ ആയിരക്കണക്കിന് പേർ ഈ സംസ്ഥാനത്തുണ്ട്. ഇത് മറ്റുള്ളവരോടുള്ള അവഹേളനമാണ്. ഇത് ധാഷ്ട്യമാണ്.

കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഞാൻ അല്ലാതെ മറ്റാരുണ്ടെന്നാണ് ചോദിക്കുന്നത്. പരസ്യ ബോർഡുകൾ കാണുമ്പോൾ ഓരോ മനുഷ്യരും അപമാനിതരാവുകയാണ്. ഇതെ മനോഭാവമാണ് മോദിക്കും അമിത്ഷാക്കും അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശർമ്മക്കും ഉള്ളത്. രാഷ്ട്രീയ പ്രവർത്തകർ വിനയത്തോടെയാണ് പെരുമാറേണ്ടത്. രാജാക്കന്മാരുടെ കാലഘട്ടമല്ലിത്. ഇടതുപക്ഷത്തെ മറ്റ് നേതാക്കന്മാരോടുള്ള അവഹേളനമാണിത്. നിങ്ങളെല്ലാം വിഡ്ഢികളാണ് എന്നുള്ളതാണ് ഇതിനർത്ഥം. നേതൃത്വം ജനങ്ങളോട് സഹാനുഭൂതി ഉള്ളവർ ആയിരിക്കണമെന്നും രാഹുൽ വിമർശിച്ചു.എനിക്ക് മാത്രമാണ് എല്ലാം ചെയ്യാൻ കഴിയുക എന്ന് ചിന്തിച്ചാൽ ജനങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെയാണ് മനസ്സിലാക്കാൻ കഴിയുക. ഇത് ബിജെപിയുടെയും ആർഎസ്എസിന്റെയും ഇടയിൽ കാണുന്ന രോഗമാണ്. മോദി തന്റെ സഹപ്രവർത്തകരോട് പെരുമാറുന്നത് പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഈ രാജ്യം ഭരിക്കാൻ വേണ്ടിയാണ് തങ്ങൾ ജനിച്ചത് എന്ന മോദിയുടെ അമിത്ഷായുടെ മനോഭാവമാണ് പിണറായി വിജയന് ഉള്ളത്. ജ്ഞാനം സാധാരണക്കാരായ ജനങ്ങളിൽ നിന്നാണ് പഠിക്കേണ്ടത്.

ജനങ്ങളെ മനസ്സിലാക്കുന്ന നേതാക്കൾ യുഡിഎഫിൽ ഉണ്ട്. ഉമ്മൻചാണ്ടിയുടെയും എ കെ ആന്റണിയുടെയും കരുണാകരന്റെയും പാരമ്പര്യമാണ് കോൺഗ്രസിലുള്ളത്. മോദി ട്രെമ്പിന്റെ നിയന്ത്രണത്തിലുള്ള ആളാണ്. ട്രമ്പ് അദാനിയിലൂടെയാണ് മോദിയെ നിയന്ത്രിക്കുന്നത്. മോദിക്ക് ട്രമ്പ്നോടുള്ള ബന്ധം പോലെയാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് അമിത് ഷായോടും മോദിയോടും ഉള്ളത്. അതിന് കാരണം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഴിമതിയാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിലക്കയറ്റം രൂക്ഷമാവുകയാണ്.

എന്നാൽ മോദി ഈ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നില്ല. ഞാൻ ഈ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിച്ചപ്പോൾ പ്രധാനമന്ത്രി പാർലമെന്റിൽ നിന്ന് ഓടി ഒളിച്ചു. കേരളത്തിന്റെ സ്ത്രീകൾക്ക് UDF സർക്കാർ പിന്തുണ നൽകും. സ്ത്രീകൾക്ക് സർക്കാർ ബസ്സുകളിൽ യാത്ര സൗജന്യമാക്കും. കോളേജിൽ പഠിക്കുന്ന ഓരോ പെൺകുട്ടിക്കും പ്രതിമാസം ആയിരം രൂപ നൽകും. പെൻഷൻ 3000 രൂപയാക്കി ഉയർത്തും. പ്രായമായവർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. യുവാക്കൾക്കായി അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.

ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം ഒരു കുടുംബത്തിന് 25 ലക്ഷംരൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകും. സെന്റ് തോമസ് വന്നിറങ്ങിയ പ്രദേശമാണ് കൊടുങ്ങല്ലൂർ. ഇന്ത്യയിലെ ആദ്യത്തെ മോസ്ക് സ്ഥാപിച്ചത് ഇവിടെയാണ്. പ്രശസ്തമായ ധാരാളം ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതീകമാണ് ഇവിടം.

പരസ്പര ബഹുമാനത്തോടെയാണ് ഇവിടങ്ങളിലെ മനുഷ്യർ ജീവിക്കുന്നത്. മറ്റുള്ളവരെ ബഹുമാനിക്കാൻ കേരളത്തിലെ ജനങ്ങൾക്കറിയാം. കേരളത്തിലെ നഴ്സുമാർ സഹാനുഭൂതിയോടെയാണ് അവരെ പരിചരിക്കുന്നത്. സൗഹാർദപൂർവ്വം ജാതിമതഭേദം ഇല്ലാതെയാണ് അവർ പരിചരിക്കുന്നത്.എനിക്ക് മാത്രമേ കേരളത്തെ നയിക്കാൻ പറ്റൂ എന്ന് പറയുന്ന ഒരു നേതാവിനെ അല്ല നമുക്ക് വേണ്ടതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.