അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റം. ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34-കാരനായ സൊഹ്‌റാൻ മംദാനി. തന്റെ വിജയത്തിൽ പ്രതികരണവുമായി മംദാനി രംഗത്തെത്തി. പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് വ്യക്തമായി.
മനുഷ്യരാശിക്ക് മികച്ച ദിവസത്തിന്റെ ഉദയം. ന്യൂയോർക്ക് നിവാസികൾ പ്രതീക്ഷ കെടാതെ സൂക്ഷിച്ചുവെന്നും മംദാനി വ്യക്തമാക്കി. അധികാരം തൊഴിലാളി വർഗത്തിന്റെ കൈയിലെല്ലന്നാണ് ഇതുവരെ സമ്പന്നർ അവരോട് പറഞ്ഞുകൊണ്ടിരുന്നത്. ആ ചിന്ത മാറ്റിയെഴുതാൻ ന്യൂയോർക്കിലെ സാധാരണക്കാർക്കായി. ഭാവി ഇനി നമ്മുടെ കൈകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ മാതാപിതാക്കൾക്ക് മംദാനി നന്ദി പറഞ്ഞു. എന്നെ ഞാനാക്കിയത് മാതാപിതാക്കളാണ്. നിങ്ങളുടെ മകനായി ജനിച്ചതിൽ അഭിമാനിക്കുന്നു. ഈ നിമിഷത്തിലും എല്ലാ കാലത്തും എനിക്ക് അരികിൽ ഉണ്ടാകാൻ ആഗ്രഹിക്കുന്നയാളാണ് ഭാര്യ രമയെന്നും മംദാനി കൂട്ടിച്ചേർത്തു.
ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34-കാരനായ സൊഹ്‌റാൻ മംദാനി. ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറെന്ന പ്രത്യേകതയും മംദാനിക്കുണ്ട്. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് മംദാനിയുടെ അഭിമാനകരമായ നേട്ടം.
പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിൻ്റെ വംശഹത്യയെ വിമർശിച്ചതും ഉൾപ്പെടെയുള്ള നിലപാടുകളാണ് മംദാനിക്കെതിരെ പ്രവർത്തിക്കാൻ യുഎസ് പ്രസിഡൻ്റ് ട്രംപിനെ പ്രേരിപ്പിച്ചത്. ഗസ്സയിലെ വംശഹത്യക്ക് സഹായം നൽകുന്നതിനെ മംദാനി എതിർത്തിരുന്നു. ന്യൂയോർക്കിൽ എത്തിയാൽ യുദ്ധക്കുറ്റവാളിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു.
ഡൊണൾഡ് ട്രംപ് പരസ്യമായി മംദാനിക്കെതിരെ രംഗത്തുവന്നതും, ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. കടുത്ത എതിർപ്പുകൾക്കിടയിലും മംദാനി നേടിയ വിജയം, അമേരിക്കൻ രാഷ്ട്രീയത്തിൽ വർദ്ധിച്ചുവരുന്ന പുരോഗമനപരമായ ചിന്താഗതിയുടെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.





