Headlines

ഏഷ്യയുടെ ജലഗോപുരം, കേരളത്തേക്കാൾ വലുപ്പം; മഞ്ഞുപാളി നിരീക്ഷണം കുറവ്, മാറ്റത്തെ എങ്ങനെ നേരിടും?

 

കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് നേപ്പാൾ ആഗോള കാലാവസ്ഥാ നിധിയോട് നഷ്ടപരിഹാരം ചോദിക്കുമ്പോൾ ഡേറ്റയുടെയും പഠനത്തിന്റെയും കുറവ് വെല്ലുവിളിയാകും. ഹിമാലയത്തിലെ നാൽപ്പതിനായിരത്തിലേറെ വരുന്ന മഞ്ഞുമലകളിൽ നിരീക്ഷണ സംവിധാനമുള്ളത് 38 ഇടത്ത് മാത്രം. ലോകത്തിന്റെ മൂന്നാം ധ്രുവമെന്നും ഏഷ്യയുടെ ജലഗോപുരമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയത്തിലെ 0.1% മഞ്ഞുപാളികളിലേക്കു നിരീക്ഷണം ചുരുങ്ങുമ്പോൾ 2500 കിമീ നീളത്തിൽ പരന്നു കിടക്കുന്ന ഹിമാലയൻ– കാറക്കോറം മലനിരകളിൽ, മുൻകൂട്ടി ദുരന്ത മുന്നറിയിപ്പു നൽകാനുള്ള സംവിധാനം തികച്ചും അപര്യാപ്തമെന്ന് വ്യക്തം. ഭൂട്ടാൻ, നേപ്പാൾ, ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലായി 42000 ചതുരശ്ര കിമീ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന മഞ്ഞുമലകൾ എല്ലാംകൂടി എടുത്താൽ കേരളത്തിന്റെ ആകെ വിസ്തൃതിയേക്കാൾ അൽപംകൂടി വരും.സൂറിച്ച് ആസ്ഥാനമായുള്ള ലോകത്തെ മഞ്ഞുപാളി നിരീക്ഷണ സംവിധാനമായ വേൾഡ് ഗ്ലേഷ്യൽ മോനിട്ടറിങ് സർവീസ് മാനദണ്ഡ പ്രകാരം ഹിമാലയത്തിലെ കേവലം 7 മ‍ഞ്ഞുപാളികളിൽ മാത്രമാണ് ആഗോള നിലവാരമുള്ള നിരീക്ഷണം നടക്കുന്നത്. കാറക്കോറം, സിക്കിം, സൻസ്കാർ, ഭൂട്ടാൻ എന്നിവിടങ്ങളിലെ മഞ്ഞുമലകൾക്ക് എന്തു സംഭവിക്കുന്നു എന്നറിയാൻ കാര്യമായ സംവിധാനങ്ങളില്ല. ഹിമാചൽ പ്രദേശിലെ ഗെപാങ് പോലെയുള്ള ഏതാനും മ‍ഞ്ഞുതടാകങ്ങളി‍ൽ മാത്രമാണ് ഇന്ത്യ കാര്യമായ നിരീക്ഷണം നടത്തുന്നത്.

∙ ആൽപ്സിൽ പഠനം കൃത്യം

യൂറോപ്പിലെ, ഹിമാലയ സമാനമായ, ആൽപ്സ് പർവത നിരകളിലെ എൺപത് ശതമാനത്തിലേറെ ഹിമാനികളിൽ നിരീക്ഷണ സംവിധാനങ്ങളുണ്ട്. ആൽപ്സിലെ ആകെയുള്ള 3900 ഹിമാനികളിൽ 690 മഞ്ഞുപാളികളിലും ശോഷണം ഉളളതായി കണ്ടെത്തി.4.5– 8 കിലോമീറ്ററിൽ ഏറെ ഉയരം, എത്തിപ്പെടാനുള്ള സംവിധാനങ്ങളുടെ കുറവ്, കഠിനമായ ശൈത്യക്കാറ്റ് തുടങ്ങിയവ ഹിമാലയത്തിലെ മഞ്ഞുപാളി നിരീക്ഷണത്തെ വെല്ലുവിളിയാക്കി മാറ്റുന്നു. ഉപഗ്രഹ– ഡിജിറ്റൽ നിരീക്ഷണം മാത്രമാണ് പോംവഴി. ശുദ്ധജല ലഭ്യത മുതലുള്ള കാര്യങ്ങളിൽ മുൻകൂട്ടി തീരുമാനം എടുക്കേണ്ടതിനാൽ മഞ്ഞുപാളി നീരീക്ഷണത്തിന് ആഗോള റിമോട്ട് സെൻസിങ് പ്രയോജനപ്പെടുത്താമെങ്കിലും മഞ്ഞിടിച്ചിൽ മനസ്സിലാക്കാൻ മലകൾക്ക് ഉള്ളിലേക്ക് ഇറങ്ങിയുള്ള പഠനം തന്നെ വേണ്ടിവരുമെന്നാണ് വേൾഡ് ഗ്ലേഷ്യൽ മോനിറ്ററിങ് സെന്ററിന്റെ നിർദേശം. നിലത്തു നിന്ന് നേരിട്ടെടുക്കുന്ന വിവരങ്ങൾ (ഡേറ്റ)കൂടി ഉൾപ്പെടുത്തിയാൽ വിദൂര ഉപഗ്രഹ പഠന മാതൃകകളുടെ കൃത്യത മെച്ചപ്പെടുത്തി ദുരന്ത പ്രവചനത്തെ കാലാവസ്ഥാമാറ്റ സജ്ജമാക്കാം.

∙ ഹിമ പഠനത്തിൽ വഴികാട്ടി ഡെറാഡൂൺ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട്

ഹിമാലയത്തെ പഠിക്കാൻ ഇന്ത്യ തുടക്കമിട്ട ഗവേഷണ സ്ഥാപനമായ ഡെറാഡൂൺ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ലഡാക്കിലും ഉത്തരാഖണ്ഡിലുമായി 6 ഹിമശൈലങ്ങളിൽ പഠനം നടത്തുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഇന്ത്യയുടെ ഭാഗമായ ഹിമാലയ പർവത പ്രദേശത്ത് 9,575 ഹിമാനികളാണ് ഉള്ളത്. മഞ്ഞുരക്കത്തിന്റെ തോത് കൂടുന്നതു മാത്രമല്ല, യാതൊരു നിരീക്ഷണ സംവിധാനവുമില്ലാത്ത മഞ്ഞുമലകളുടെ ഉയരങ്ങളിൽ നിന്ന് പാറയും മഞ്ഞുപാളികളും കൂടി പെട്ടെന്ന് അടർന്നു വീണാൽ സംഭവിക്കാവുന്ന ഹിമാലയൻ ആകാശ സൂനാമികൾ താഴ്‌വരകൾക്ക് ഉയർത്തുന്ന ഭീഷണി എത്രത്തോളമാണെന്ന മുന്നറിയിപ്പുകൂടിയാണ് നേപ്പാൾ പ്രളയമെന്നും വിദഗ്ധർ പറയുന്നു.

∙ ദുരന്ത നഷ്ടപരിഹാരം: പല രാജ്യങ്ങൾ ഭിന്ന വാദഗതികൾ

ലോകത്തെ സമ്പന്ന രാജ്യങ്ങൾ കാർബൺ പുറന്തള്ളിയതിന്റെ ഫലമായി അന്തരീക്ഷ താപം ഉയർന്നതാണ് പ്രകൃതി ദുരന്തങ്ങളിലേക്കു നയിക്കുന്നതെന്ന വാദമാണ് ലോക കാലാവസ്ഥാ നഷ്ടപരിഹാര നിധി രൂപീകരിക്കാൻ യുഎന്നിലെ പ്രേരിപ്പിച്ചത്. ഹിമാലയത്തിലെ മ‍ഞ്ഞ് ഉരുകുന്നതിനു പിന്നിലും താപവർധനയുടെ കാണാക്കൈകൾ തന്നെ. നേപ്പാൾ പോലെ താരതമ്യേന കാർബൺ വമനം കുറവുള്ള ഹിമാലയൻ രാജ്യങ്ങളിൽ ഇതു മഞ്ഞുതടാക വിസ്ഫോടനം പോലെയുള്ള തീവ്ര ദുരന്തങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യയെയും ചൈനയെയും പോലെയുള്ള വളരുന്ന സമ്പദ് ഘടനയുള്ള രാജ്യങ്ങളും ആഗോള താപനം വർധിപ്പിക്കുന്നതിനാൽ ആഗോള കാലാവസ്ഥാ നഷ്ടപരിഹാര നിധിയിലേക്ക് കാര്യമായ തുക കൈമാറാൻ ധാർമികമായും നിയമപരമായും കടപ്പെട്ടിരിക്കുന്നു എന്നതാണ് നേപ്പാളിന്റെ നിലപാട്. എന്നാൽ സമാന പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനാൽ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാലാവസ്ഥാ ദുരന്ത നിവാരണ നിധിയിലേക്കു തുക കൈമാറണമെന്നാണ് ഇന്ത്യയുടെയും മറ്റും നിലപാട്. എന്നാൽ ആഗോള കാലാവസ്ഥാ കരാറിൽ നിന്നു തന്നെ യുഎസ് പിന്മാറിയത് ഈ നിധിയുടെ രൂപീകരണത്തെയും തുക കൈമാറലിനെയും ബാധിച്ചിരിക്കയാണ്.

∙ ദുരന്ത സാധ്യത വിലയിരുത്താൻ അതോറിറ്റി

ഹിമാലയൻ അതിർത്തിയിലെ 681 ഹിമതടാകങ്ങളുടെ ദുരന്ത സാധ്യത വിലയിരുത്തി നടപടി സ്വീകരിക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ജലകമ്മിഷൻ സംയുക്തയോഗത്തി‍ൽ ധാരണ. ഹിമതടാക വിസ്ഫോടനം മറ്റിടങ്ങളിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂട്ടി അപകട മുന്നറിയിപ്പു നൽകുന്ന ഏർലി വാണിങ് സംവിധാനം അടിയന്തരമായി ശക്തിപ്പെടുത്താനും തീരുമാനമായി. മഞ്ഞുരുളുകൾ താഴേക്ക് ഒഴുകി വരാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഹിമാലയത്തിൽ അടയാളപ്പെടുത്തി പ്രതിരോധം തീർക്കും.