ഇടുക്കിയിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നിന്ന് വീണ്ടും രോഗിയെ വനത്തിലൂടെ ചുമന്ന് നാട്ടുകാർ. പനി ബാധിച്ച കൂടല്ലർകുടി സ്വദേശി രാജാക്കണ്ണിയെയാണ് നാട്ടുകാർ മഞ്ചൽകെട്ടി ചുമന്ന് ആശുപത്രിയിൽ കൊണ്ടുപോയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവമാണിത്. ഇടമലക്കുടിയിലേക്കുള്ള ഗതാഗതം ദുഷ്കരമായതാണ് ഈ ദുരിതത്തിന് കാരണം. ഒരാഴ്ചയായി പനി ബാധിച്ച് കിടപ്പിലായിരുന്നു രാജാക്കണ്ണി. പനി രൂക്ഷമായതോടെ ഇന്നലെ ആശുപത്രിയിലേക്ക് നാട്ടുകാർ ചുമന്ന് കൊണ്ടുപോവുകയായിരുന്നു. കൂടല്ലാർ കുടിയിൽ നിന്ന് നാല് കിലോമീറ്റർ വനത്തിലൂടെ മഞ്ചൽക്കെട്ടി ചുമന്ന് ആനക്കുളത്ത് എത്തിച്ചു. അവിടെനിന്നാണ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇടമലക്കുടിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ഉണ്ടെങ്കിലും ആവശ്യമായ ചികിത്സ അവിടെ ലഭ്യമല്ല എന്നാണ് നാട്ടുകാരുടെ പരാതി. അത്യാവശ്യഘട്ടങ്ങളിൽ വാഹന സൗകര്യം ഏർപ്പെടുത്താൻ കഴിയാത്ത അവസ്ഥയും. മൂന്നാറിൽ നിന്ന് രാജമലയിലൂടെയുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ജീപ്പ് പോലും കടന്നുപോകാത്ത അവസ്ഥയാണ് ഇപ്പോൾ.