തൃശൂർ ചേലക്കരയിൽ മലവെള്ളപ്പാച്ചിൽ. ആറ്റൂർ കമ്പനിപ്പടി പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കുന്നു. വനമേഖലയിൽ നിന്നും വലിയരീതിയിൽ വെള്ളം കുത്തിയൊലിച്ച് സംസ്ഥാനപാത മുങ്ങി. മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ കൂടുതൽ പൊലീസുകാരെ വിന്യസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ആവശ്യമെങ്കിൽ എൻഡിആർഎഫിന്റെ സഹായം കൂടി തേടാനുള്ള ആലോചനയിലാണ് ജില്ലാ ഭരണകൂടം. ജില്ലയിൽ നാല് മണിക്കൂറായി മഴ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുകയാണ്. അസുരൻകുണ്ട് മലനിരകളിൽ നിന്നാണ് ഇപ്പോൾ മലവെള്ളപ്പാച്ചിൽ ഉണ്ടായിരിക്കുന്നത്.
അതേസമയം ഉൾവനത്തിൽ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വലിയ തോതിലാണ് വെള്ളമാണ് മേഖലകളിലേക്ക് ഒഴുകിയെത്തിയത്. മഴ കുറഞ്ഞാൽ മാത്രമേ കൂടുതൽ പരിശോധനകളിലേക്ക് കടക്കാൻ കഴിയുകയുള്ളൂ. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം നിർദേശം നൽകി. ജില്ലയിലെ കനത്ത മഴയിൽ പുത്തൂർ ഏഴാംകല്ലിൽ വീടുകളിൽ വെള്ളം കയറി. ശങ്കരയ്യ റോഡിലെ നിരവധി വീടുകളിൽ വെള്ളം കയറി.