17,000 കോടി വായ്പാ തട്ടിപ്പ് കേസ്; അനിൽ അംബാനി ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി

17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികളിൽ ഇ.ഡി. നടത്തിയ റെയ്ഡിനും രേഖകൾ പിടിച്ചെടുത്തതിനും പിന്നാലെയാണ് അനിൽ അംബാനിയെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലും മുംബൈയിലുമായി നടന്ന റെയ്ഡുകളിൽ 50-ഓളം കമ്പനികളിലും 25 വ്യക്തികളുടെ സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡുകളിൽ നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും അന്വേഷണ ഏജൻസി പിടിച്ചെടുത്തു. കൂടാതെ 25-ലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ റെയ്ഡിന് ശേഷം ഓഗസ്റ്റ് 1-നാണ് അനിൽ അംബാനിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ സമൻസ് അയച്ചത്.

പ്രാഥമിക അന്വേഷണത്തിൽ യെസ് ബാങ്കിൽ നിന്ന് 2017-നും 2019-നും ഇടയിലുള്ള കാലയളവിൽ ഏകദേശം 3,000 കോടി രൂപയുടെ അനധികൃത വായ്പ വഴിമാറ്റിയതായി ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതിനു പുറമെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് 14,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. ഈ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) വ്യവസ്ഥകൾ പ്രകാരമാണ് ഇ.ഡി. ഇപ്പോൾ അന്വേഷണം നടത്തുന്നത്. അനിൽ അംബാനിയുടെ കമ്പനികൾക്ക് വിവിധ ബാങ്കുകൾ അനുവദിച്ച വായ്പകളുടെ വിശദാംശങ്ങൾ തേടി ഇ.ഡി. കത്തയച്ചിട്ടുണ്ട്.