ലണ്ടൻ ∙ പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും സൈനിക നേതൃത്വവും തമ്മിൽ ‘നിശബ്ദ പോരാട്ട’ത്തിലാണെന്ന് മുത്തഹിദ ഖ്വാമി മൂവ്മെന്റ് (എം.ക്യു.എം.) സ്ഥാപകൻ അൽത്താഫ് ഹുസൈൻ. പുതിയ പ്രവിശ്യകൾ രൂപീകരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം വലിയ രാഷ്ട്രീയ, സുരക്ഷാ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പാക്കിസ്ഥാൻ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ജനങ്ങൾ ഈ അപകടങ്ങളെക്കുറിച്ച് അജ്ഞരാണെന്നും വിഡിയോ സന്ദേശത്തിൽ അൽത്താഫ് ഹുസൈൻ ആരോപിച്ചു.
28 ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് പുതിയ പ്രവിശ്യകൾ രൂപീകരിക്കാനുള്ള നീക്കത്തെ നിസ്സാരമായി കാണരുതെന്നു പറഞ്ഞ ഹുസൈൻ, ഭേദഗതിയെച്ചൊല്ലി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും സൈനിക നേതൃത്വവും തമ്മിൽ വലിയ തർക്കം ഉണ്ടായിട്ടുണ്ടെന്നും ആരോപിച്ചു. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം ഈ വിഷയത്തിൽ ഭിന്നിച്ചിരിക്കുകയാണ്. സർദാരിയും പ്രധാനമന്ത്രി ഷഹബാസ് ഷരീഫും രാജ്യത്ത് ഇല്ല. നിർദ്ദിഷ്ട 28 ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ സമയത്ത് എന്തുകൊണ്ട് പ്രസിഡന്റ് പാക്കിസ്ഥാനിലേക്ക് മടങ്ങിയില്ലെന്നും ഹുസൈൻ ചോദിച്ചു.പുതിയ പ്രവിശ്യകളുടെ രൂപീകരണത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടൽ സിന്ധിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചേക്കാമെന്ന് ഹുസൈൻ മുന്നറിയിപ്പ് നൽകി. സംഘർഷം വർധിച്ചാൽ പാക്കിസ്ഥാൻ സൈന്യം സിന്ധ് ജനതയ്‌ക്കെതിരെ തിരിയാൻ സാധ്യതയുണ്ട്. സ്വതന്ത്ര സിന്ധുദേശ് എന്ന ആവശ്യത്തിലേക്ക് ഇതു നയിക്കാം. ഞാൻ എല്ലായിടത്തും തീയും രക്തവും കാണുന്നു, പുതിയ പ്രവിശ്യകളെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവയ്ക്കണമെന്നും ഹുസൈൻ പറഞ്ഞു.
ഏറെ വിവാദങ്ങളിൽ ഉൾപ്പെട്ട് പാക്കിസ്ഥാനിൽ നിന്നു നാടുകടത്തപ്പെട്ട അൽത്താഫ് ഹുസൈൻ യുകെയിലാണ് താമസം.






