യുകെയിലെ പാർക്കിൽ ബിൻബാഗിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി; ഡിഎൻഎ പരിശോധനയിലും തിരിച്ചറിയാനായില്ല

 

ലണ്ടൻ/ലിവർപൂൾ∙ യുകെയിലെ ലിവർപൂളിലെ പാർക്കിൽ ബിൻബാഗിനുള്ളിൽ ഏകദേശം 70 വയസ്സുള്ള സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെ, ഡിഎൻഎ പരിശോധനയിലും സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായില്ലെന്ന് മെർസീസൈഡ് പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 28നാണ് ആൻഫീൽഡിലെ സ്റ്റാൻലി പാർക്കിൽ ഇസ്ല ഗ്ലാഡ്സ്റ്റോൺ കൺസർവേറ്ററിക്ക് സമീപത്തെ മതിൽക്കെട്ടിനുള്ളിലെ പൂന്തോട്ടത്തിൽ ബിൻബാഗിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഏതാനും ആഴ്ചകളായി പാർക്കിൽ കിടന്നിരുന്നതായാണ് പൊലീസ് കരുതുന്നത്.ഏകദേശം 70 വയസ്സുള്ള വെള്ളക്കാരിയായ സ്ത്രീക്ക് 5 അടി 2 ഇഞ്ച് (1.57 മീറ്റർ) ഉയരവും മെലിഞ്ഞ ശരീരപ്രകൃതവും ആയിരുന്നു. സ്ട്രോബെറി ബ്ലോണ്ട് നിറത്തിലുള്ള മുടിയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ സെറീസ് പിങ്ക് നിറത്തിലുള്ള നൈക്കി ടി-ഷർട്ടാണ് ധരിച്ചിരുന്നത്. മൃതശരീരത്തിൽനിന്ന് ലഭിച്ച ഡിഎൻഎ പ്രൊഫൈൽ യുകെയിലെ ദേശീയ ഡിഎൻഎ ഡാറ്റാബേസിലെ രേഖകളുമായി പൊരുത്തപ്പെട്ടില്ല. ദന്ത രേഖകൾ ഉപയോഗിച്ചുള്ള പരിശോധനയിലൂടെയും സ്ത്രീയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സ്ത്രീയെ തിരിച്ചറിയുന്നതിനായി പൊലീസിന് ഇതുവരെ 40ലധികം പേരുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ 120ലധികം പേർ അന്വേഷണ സംഘവുമായി വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ലഭിച്ച വിവരങ്ങളൊന്നും സ്ത്രീയുടെ വ്യക്തിത്വം സ്ഥിരീകരിക്കാൻ സഹായിച്ചിട്ടില്ല.

 

സംഭവത്തിൽ കൊലപാതക അന്വേഷണം തുടരുകയാണ്. സ്ത്രീയെ തിരിച്ചറിയുന്നതിനും മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബന്ധപ്പെടാൻ കഴിയാത്ത ബന്ധുവോ സുഹൃത്തോ അയൽവാസിയോ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സ്ത്രീ ധരിച്ചിരുന്ന വസ്ത്രം തിരിച്ചറിയലിന് സഹായിക്കുമെന്ന പ്രതീക്ഷയിൽ സമാനമായ സെറീസ് പിങ്ക് നിറത്തിലുള്ള നൈക്കി ടി-ഷർട്ടിന്റെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീയെക്കുറിച്ചോ ഇവരുടെ വ്യക്തിത്വത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.