മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

 

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ടിഎംസി സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു. വിമത നേതാക്കളുമായി ചന്ദ്രിമ കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമത വിഭാഗം പിടിച്ചെടുത്തു. ഓഫീസ് ബലപ്രയോഗത്തിലൂടെ കയ്യടക്കിയതായി മമത വിഭാഗം പോലീസിൽ പരാതി നൽകി. തെരഞ്ഞെടുപ്പിന് ശേഷമുള്ള വിമത നീക്കത്തിനു ശേഷവും വിശ്വസ്തയായി തുടർന്ന ചന്ദ്രിമ ബട്ടാചാര്യയിൽ നിന്നും അപ്രതീക്ഷിത തിരിച്ചടിയാണ് മമതാ ബാനർജിക്ക് ലഭിച്ചത്.

 

 

പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം അടക്കം മുഴുവൻ പദവികളും രാജിവച്ച ചന്ദ്രിമ വിമത നേതാക്കളുമായി ചർച്ച നടത്തി. വിമത നീക്കത്തിന് പിന്നാലെ നടന്ന പുനസംഘടനയിലാണ് ചന്ദ്രിമ ബട്ടാചാര്യയെ പാർട്ടി സംസ്ഥാന അധ്യക്ഷയാക്കിയത്.തൃണമൂൽ സംസ്ഥാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ എം ബൈപ്പാസിലെ മെട്രോപൊളിറ്റൻ ഓഫീസ് ഋത ബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത നേതാക്കൾ പിടിച്ചെടുത്തു. പൂട്ട് തകർത്ത് അകത്തു കടന്ന വിമതനേതാക്കൾ,അരൂപ് റോയ് പാർട്ടി ചെയർമാൻ എന്ന ബോർഡ് ഓഫീസിൽ സ്ഥാപിച്ചു.എന്നാൽ മമതാ ബാനർജിയുടെ ഫോട്ടോ നീക്കം ചെയ്തിട്ടില്ല. പാർട്ടി ഓഫീസ് വിമതവിഭാഗം പുതിയ താഴിട്ട് പൂട്ടി. വിവരമറിഞ്ഞ് കുനാൽ ഘോഷിന്റെ നേതൃത്വത്തിൽ മമത വിഭാഗം നേതാക്കൾ സ്ഥലത്ത് എത്തിയെങ്കിലും കെട്ടിടത്തിന് അകത്ത് കയറാൻ ആയില്ല. തുടർന്ന് ഇവർ,വിമത നേതാക്കൾ പാർട്ടി ആസ്ഥാനം ബലംപ്രയോഗിച്ച് കയ്യടക്കിയതായി പൊലീസിൽ പരാതി നൽകി. ടിഎംസിയുമായുള്ള വാടക കരാർ 2025ൽ അവസാനിച്ചുവെന്നും, ഓഫീസ് ഒഴിഞ്ഞു തരാൻ ആവശ്യപ്പെട്ടിരുന്നതായും കെട്ടിട ഉടമ മോണോതോഷ് സാഹ അറിയിച്ചു.

 

അതേസമയം കെട്ടിട ഉടമയുമായി പുതിയ കരാർ ഉണ്ടാക്കി എന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം പാർട്ടി ആസ്ഥാനം കൈവശപ്പെടുത്തിയതിലൂടെ പാർട്ടി ചിഹ്‌നത്തിനുള്ള അവകാശവാദം ശക്തിപ്പെടുത്താനാണ് വിമതരുടെ നീക്കം.ജൂലൈ ആറിനു മുൻപായി ഔദ്യോഗിക പാർട്ടി അംഗീകാരത്തിനുള്ള അവകാശവാദങ്ങൾ രേഖമൂലം സമർപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരു വിഭാഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു.