ന്യൂഡല്‍ഹി: രാജ്യത്ത് ഇരുട്ടടിയായി പാചക വാതക വില വീണ്ടും കൂട്ടി. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 25 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഒരു സിലിണ്ടര്‍ പാചക വാതകത്തിന്റെ വില 726 രൂപയായി. വാണിജ്യ സിലിന്‍ഡറിന്റെ വില യൂണിറ്റിന് 184 രൂപയും കൂട്ടി. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ നല്‍കണം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ധനയാണ് പാചക വാതകത്തിനുണ്ടായത്.
ഏറ്റവും പുതിയ വര്‍ധന് പ്രകാരം ഡല്‍ഹിയില്‍ പാചക വാതകത്തിന്റെ വില സിലിണ്ടറിന് 719 രൂപയാണ് (14.2 കിലോഗ്രാം). കൊല്‍ക്കത്തയില്‍ എല്‍പിജി സിലിണ്ടര്‍ വില 745.50 രൂപ വരെയും മുംബൈയില്‍ 719 രൂപ വരെയും ചെന്നൈയില്‍ 735 രൂപയുമാണ്.
ജനുവരി മാസത്തില്‍ വിലയില്‍ വര്‍ധന ഉണ്ടായിരുന്നിലെങ്കിലും ഡിസംബറില്‍രണ്ട് തവണയായി 100 രൂപയാണ് സിലിണ്ടറിന് വില ഉയര്‍ത്തിയത്. കാസര്‍കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്തും കൊച്ചിയിലും 729 രൂപയും. പുതിയ നിരക്കുകള്‍ പ്രകാരം വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പാചകവാതകത്തിന്റെ വിലയും കൂടുന്നതോടെ സാധാരണക്കാരന് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കും.