ഘടകകക്ഷികളെ പിണക്കേണ്ട, സമുദായ സംഘടനകളേയും ഒപ്പം കൂട്ടണം; കെപിസിസി നേതൃയോഗത്തില്‍ നേതാക്കള്‍

യുഡിഎഫ് ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കെപിസിസി നേതൃയോഗത്തില്‍ നേതാക്കള്‍. പരാമവധി സാമുദായിക നേതാക്കളെ ഒപ്പം നിര്‍ത്തണമെന്നാണ് നേതാക്കളുടെ അഭിപ്രായം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം പാടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. (details of discussion in kpcc meeting| congress)കൂടുതല്‍ സീറ്റ് ആവശ്യം ഉള്‍പ്പെടെ മുസ്ലീം ലീഗ് മുന്നോട്ട് വയ്ക്കാനിരിക്കെ ലീഗിനും പ്രതീക്ഷ നല്‍കുന്ന അഭിപ്രായങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ടുപോകണമെന്നാണ് ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശം. ഘടകകക്ഷികളുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. ഇത് നിലനിര്‍ത്തി മുന്നോട്ടുപോകണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ അഭിപ്രായം. സീറ്റ് ചര്‍ച്ചകള്‍ ഘടകകക്ഷികളെ പിണക്കാതെ നടത്തണമെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടു. കെ മുരളീധരന്റേയും അഭിപ്രായം സമാനമായിരുന്നു. സമുദായ സംഘടനകളെ പരമാവധി കൂടെ നിര്‍ത്തണമെന്ന് അഭിപ്രായമുയര്‍ത്തിയതും കെ മുരളീധരനാണ്.2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ദീപാദാസ് മുന്‍ഷി കര്‍ശനമായ മുന്നറിയിപ്പ് കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പിലെ പോലെ അമിത ആത്മവിശ്വാസം പാടില്ല. അനായാസം ജയിക്കാനാകുമെന്ന് കരുതിയത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിനയായോ എന്നുള്‍പ്പെടെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ദീപാദാസ് മുന്‍ഷി സംസാരിച്ചത്. ഇത്തവണ അങ്ങനെയൊരു അബദ്ധം സംഭവിക്കാന്‍ പാടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കണ്ട് അമിത ആത്മവിശ്വാസം പാടില്ല. നന്നായി പരിശ്രമിക്കണമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.